ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി പോരാടിയ രാജാവാണ് കേരള വര്‍മ പഴശ്ശിരാജ. 1805 നവംബര്‍ 30 നായിരുന്നു പഴശ്ശിയുടെ മരണം. കപ്പൽ കയറി വന്നത് ശത്രുക്കളാണെന്നു ഇന്ത്യൻ ജനത തിരിച്ചറിയുന്നതിനും മുൻപ്, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജീവനറ്റുപോകും വരെ പോരാടിയ നാട്ടുരാജാവ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ ജാതിമത ഭേദമന്യേ ആളെകൂട്ടിയ നാട്ടുപ്രമാണി. കഴിവും പ്രാപ്തിയുമുണ്ടായിരുന്ന ഭരണാധികാരി. രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷവും പഴശ്ശി എന്ന ധീര യോദ്ധാവിന്റെ ത്യാഗസ്മരണ ഒളിമങ്ങാതെ കിടപ്പുണ്ട്.
കോട്ടയം രാജകുടുംബത്തിലെ ഇളയ രാജാവായിരുന്നു കേരളവർമ പഴശ്ശിരാജ. ഒന്നാം മൈസൂർ യുദ്ധത്തിൽ ഇംഗ്ലീഷുകാരെ സഹായിച്ച ഭരണാധികാരിയാണ് പഴശ്ശി. നികുതി പിരിക്കാനുള്ള അധികാരം ബദ്ധശത്രുവായ അമ്മാവന് നൽകിയതോടെയാണ് പഴശ്ശി ബ്രിട്ടീഷുകാരോടിടഞ്ഞത്. കപ്പം കൊടുക്കാൻ നിവൃത്തിയില്ലാതിരുന്ന മനുഷ്യർ പഴശ്ശിക്കു പിന്നിൽ സംഘടിച്ചു. ബ്രിട്ടീഷുകാരുടെ വഞ്ചനക്കെതിരായ പഴശ്ശിയുടെ ആദ്യ വിപ്ലവം അവിടെ തുടങ്ങി. പഴശ്ശിയെ പിടികൂടാൻ ബ്രിട്ടീഷ് സൈന്യം കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ പഴശ്ശിരാജ വയനാടൻ കാടുകളിലേക്ക് പിൻവാങ്ങി.
പഴശ്ശി സ്വന്തം പടയാളികൾക്ക് പകർന്നു നൽകിയ ഊർജം വലുതായിരുന്നു. രാജകീയമായതെല്ലാം ഉപേക്ഷിച്ചു സാധാരണ പടയാളിയുടെ ജീവിതം സ്വീകരിച്ച അദ്ദേഹം അവർക്കൊപ്പം നിന്നുതന്നെ പോരാടി. ഇന്ത്യയുടെ ഭൂരിഭാഗവും ഭരിച്ച സിക്ക്, മൈസൂർ, മറാഠ നാട്ടുരാജ്യങ്ങളെയൊക്കെ എളുപ്പത്തിൽ കീഴടക്കാൻ കഴിഞ്ഞ ബ്രിട്ടണ് പക്ഷെ പഴശ്ശിയോട് എതിരിടേണ്ടി വന്നത് നീണ്ട 12 വർഷം. തലക്കൽ ചന്തുവായിരുന്നു പഴശ്ശിയുടെ സേനാധിപൻ. എടച്ചേന കുങ്കൻ, കണ്ണവത്ത് ശങ്കരൻ നമ്പ്യാർ, എടച്ചേന ഒതേനൻ, കൈതേരി അമ്പു, പഴയിടത്ത് കുഞ്ഞഹമ്മദ്, എടത്തന കുങ്കൻ തുടങ്ങിയവരെല്ലാം പലകാലങ്ങളിൽ പഴശ്ശിക്കു പിന്നിൽ അണിനിരന്നു.
കുറിച്യർ പടയും നായർ പടയും ചേർന്ന പഴശ്ശി സൈന്യം ബ്രിട്ടൻ അധീനതയിലുള്ള ഇടങ്ങളിലെല്ലാം കനത്ത നാശം വിതച്ചു. ഇതോടെ ബ്രിട്ടീഷ് സൈന്യം താഴ് വാരത്തേക്കു മടങ്ങി. ടിപ്പുവിന്റെ പതനത്തോടെ വയനാട് കയ്യടക്കാൻ വന്ന ബ്രിട്ടനെതിരെ പഴശ്ശി വീണ്ടും യുദ്ധം ആരംഭിച്ചു. പഴശ്ശിയെ തളക്കാൻ മലബാർ ഉൾപ്പെടുന്ന ഭാഗങ്ങളിലെ പട്ടാളത്തിന്റെ സർവ്വ സൈന്യാധിപനായി ആർതർ വെല്ലസ്ലിയെ നിയോഗിച്ചു. വെല്ലസ്ലിയുടെ ശ്രദ്ധാപ്പൂർവ്വമുള്ള നീക്കങ്ങളിൽ പഴശ്ശിക്ക് കാലിടറി. ഒപ്പം നിന്ന പടയാളികളിൽ പലരും പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. വയനാടൻ കാടുകളിൽ പഴശ്ശിയെ സൈന്യവും ബ്രിട്ടന്റെ ആജ്ഞാനുവർത്തികളായ പ്രാദേശിക പൊലീസും പിന്തുടർന്നു. 1805 നവംബർ 29, കൂടെനിന്നവരില് ചിലര്‍ തന്നെ പഴശ്ശിയെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുത്തു. ബ്രിട്ടീഷ് സൈന്യം പുൽപ്പള്ളി കാട്ടിൽ വെച്ച് രാത്രിയുടെ ഇരുട്ടില്‍ പഴശ്ശിയെയും സംഘത്തെയും ആക്രമിച്ചു. നവംബർ 30 തിന്റെ പ്രഭാതത്തിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ വെടിയേറ്റ് കേരളവർമ പഴശ്ശിരാജ കൊല്ലപ്പെട്ടു.
മരണം വരെ ബ്രിട്ടനോട് പോരാടിയ പഴശ്ശി ഒരു വെടിയുണ്ടക്ക് മുന്നിൽ ചിതറി പോകാൻ മാത്രം ഭീരു അല്ലെന്ന വാദം ഉയർത്തുന്നവരുണ്ട്. സൈന്യത്തിന് മുന്നിൽ അടിയറവു പറയാതെ പഴശ്ശി സ്വയം മരണം വരിച്ചതാണെന്ന വാദവും ശക്തമാണ്. ടിപ്പുവിനെ തോൽപ്പിക്കാൻ ബ്രിട്ടനോട് കൂട്ടുകൂടിയെന്ന ചീത്തപ്പേരുമുണ്ട് പഴശ്ശിക്ക്. സ്വന്തം അധികാരവും ഭൂമിയും നിലനിർത്തുക എന്ന വ്യക്തിപരമായ താല്പര്യമായിരുന്നു പഴശ്ശിയെക്കൊണ്ട് ആയുധമെടുപ്പിച്ചതെന്ന വാദമുന്നയിക്കുന്നവരുമുണ്ട്. എന്നാല്‍ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ത്യാഗോജ്വലമായ ഏടാണ് പഴശ്ശി എന്നതാണ് യാഥാർഥ്യം.