India Kerala

കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ഹാജരാകും

കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് കോടതിയിൽ ഹാജരാകും. കോട്ടയം അഡീഷണൽ ജില്ലാ കോടതിയാണ് കേസ് ഇന്ന് പരിഗണിക്കുന്നത്. വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക നടപടികൾക്കായാണ് ഫാങ്കോ മുളയ്ക്കലിനെ കോടതി സമൻസ് നൽകി വിളിപ്പിക്കുന്നത്.

അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിക്കുന്നത് അടക്കമുള്ള നടപടികളാണ് പ്രാഥമിക ഘട്ടത്തിലുള്ളത്. കുറ്റവും വകുപ്പുകളും ഉൾപ്പെടെ വായിച്ചു കേൾപ്പിക്കാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതുണ്ട്. ഇതിനായി കോടതി കുറവിലങ്ങാട് പോലീസ് മുഖേന സമൻസ് കൈമാറിയിരുന്നു.

2018 സെപ്റ്റംബർ 21 നാണ് ജലന്ധർ രൂപതാ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലാകുന്നത്. വൈക്കം ഡി.വൈ.എസ്‌.പി കെ. സുഭാഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഏപ്രിൽ 9ന് കുറ്റപത്രം സമര്‍പ്പിച്ചു. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന 5 കുറ്റങ്ങളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിൽ 5 മുതൽ 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളുമുണ്ട്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് പുറമേ 4 ബിഷപ്പുമാരും 11 പുരോഹിതരും 25 കന്യാസ്ത്രീകളും, രഹസ്യമൊഴി രേഖപ്പെടുത്തിയ 7 മജിസ്‌ട്രേട്ടുമാരും കേസിൽ പ്രധാന സാക്ഷികളാണ്.