ബംഗ്ലാദേശിനെതിരായ ടി20, ടെസ്റ്റ് പരമ്ബര ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന ഇന്ത്യയുടെ അടുത്ത എതിരാളികളായി എത്തുന്നത് വെസ്റ്റിന്‍ഡീസാണ്. ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന വിന്‍ഡീസ് ഇവിടെ മൂന്ന് മത്സരങ്ങള്‍ വീതമടങ്ങിയ ഏകദിന, ടി20 പരമ്ബരകളിലാണ് ആതിഥേയരുമായി കളിക്കുക. ടി20 പരമ്ബരയാണ് ആദ്യം നടക്കുക. തുടര്‍ന്ന് ഏകദിന പരമ്ബരയില്‍ ഇരു ടീമുകളും ഏറ്റുമുട്ടും.
ഡിസംബര്‍ ആറിന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ടി20 മത്സരത്തോടെയാണ് വിന്‍ഡീസ് – ഇന്ത്യ പരമ്ബര തുടങ്ങുന്നത്. ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം രണ്ടാം ടി20 ക്കും, ഡിസംബര്‍ പതിനൊന്നിന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയം പരമ്ബരയിലെ മൂന്നാം ടി20 ക്കും വേദിയാകും. ഈ മത്സരങ്ങളെല്ലാം വൈകിട്ട് 7 മണിക്കാണ് ആരംഭിക്കുക.
ഡിസംബര്‍ പതിനഞ്ചാം തീയതി ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയമാണ് ഇരുടീമുകളും തമ്മിലുള്ള ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തിന് വേദിയാകുന്നത്. ഡിസംബര്‍ പതിനെട്ടിന് വിശാഖപട്ടണത്തെ വൈ എസ് രാജശേഖര റെഡ്ഡി എസിഅ -വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയം രണ്ടാം ഏകദിനത്തിനും, ഡിസംബര്‍ 22 ന് കട്ടക്കിലെ ബരാബതി സ്റ്റേഡിയം മൂന്നാം ഏകദിനത്തിനും വേദിയാകും.
വിരാട് കോഹ്ലിയാണ് ഏകദിന, ടി20 പരമ്ബരകളില്‍ ഇന്ത്യയെ നയിക്കുന്നതെങ്കില്‍ കീറണ്‍ പൊള്ളാര്‍ഡാണ് ഇരു പരമ്ബരകളിലും വിന്‍ഡീസ് നായകന്‍. പരിക്ക് മൂലം ഏറെനാള്‍ പുറത്തിരുന്നതിന് ശേഷം ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ നിരയിലേക്ക് തിരിച്ചുവരുന്ന പരമ്ബര കൂടിയാണിത്. അതേ സമയം, സൂപ്പര്‍ താരങ്ങളായ ആന്ദ്രെ റസല്‍, ക്രിസ് ഗെയില്‍ എന്നിവരില്ലാതെയാണ് വിന്‍ഡീസ് പരമ്ബരയ്ക്കെത്തുന്നത്.