മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെതിരെ നാഗ്പൂര്‍ കോടതിയുടെ സമന്‍സ്. പുലര്‍ച്ചെ സത്യപ്രതിജ്ഞ ചെയ്യുകയും ഭൂരിപക്ഷം തികക്കാനാകാതെ 80 മണിക്കൂറിനകം രാജിവെച്ചൊഴിയുകയും ചെയ്തതിനു പിന്നാലെയാണ് ഫഡ്നാവിസിന് വീണ്ടും തിരിച്ചടിയുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രണ്ട് ക്രിമിനല്‍ കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ചതിനാണ് സമന്‍സ്. അഭിഭാഷകനായ സതീഷ് ഉകെയുടെ പരാതിയിലാണ് ഫഡ്നാവിസിനെതിരെ നടപടിയുണ്ടായത്.
കീഴ്ക്കോടതിയും ഹൈക്കോടതിയും ഹരജി തള്ളിയിരുന്നു. എന്നാല്‍ സുപ്രീംകോടതി മജിസ്ട്രേറ്റ് അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് മജിസ്ട്രേറ്റ് നാലിന് കോടതി സമന്‍സ് അയക്കാന്‍ ഉത്തരവായത്. 1951 ലെ ജനപ്രാതിനിധ്യ നിയമം 125 എ പ്രകാരം വിവരങ്ങള്‍ മറച്ചുവെക്കുന്നത് കുറ്റകരമാണ്. വ്യാജരേഖ ചമക്കയ്ക്കല്‍, വഞ്ചന, എന്നീ കുറ്റങ്ങള്‍ പ്രകാരം 1996 ലും 1998 ലുമാണ് ഫഡ്നാവിസിനെതിരെ കേസെടുത്തിരുന്നത്. എന്നാല്‍ കേസില്‍ കുറ്റം ചുമത്തിയില്ല. ഈ കേസുകള്‍ നിലനില്‍ക്കുന്ന കാര്യം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തല്‍ ഉള്‍പ്പെടുത്തിയില്ല എന്ന് ഹരജിയില്‍ പറയുന്നു.