കൊല്ലം കടയ്ക്കലില്‍ ലാത്തിയെറിഞ്ഞ സി.പി.ഒ ചന്ദ്രമോഹനെതിരെ ചുമത്തിയത് നിസാരവകുപ്പുകൾ. 500 രൂപ പിഴയോ ആറു മാസം തടവോ മാത്രം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. ലാത്തിയേറില്‍ പരിക്കേറ്റ സിദ്ദിഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ വകുപ്പുകള്‍ ചുമത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം.
കൊല്ലം കടയ്ക്കലിൽ വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രികനെ പൊലീസുകാരൻ ലാത്തി കൊണ്ട് എറിഞ്ഞു വീഴ്ത്തിയ സംഭവത്തിലാണ് പൊലീസ് നിസാരവകുപ്പുകൾ ചുമത്തിയത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന IPC 336, 337 എന്നീ വകുപ്പുകളാണ് സിവിൽ പൊലീസ് ഓഫീസർ ചന്ദ്രമോഹനെതിരെ ചുമത്തിയത്. 500 രൂപ പിഴയോ ആറുമാസം തടവോ മാത്രമാണ് പരമാവധി ശിക്ഷ ലഭിക്കുക.
പരിക്കേറ്റ സിദ്ദിഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ചുമത്താവുന്ന എല്ലാവകുപ്പുകളും കേസിൽ ചുമത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. ചന്ദ്രമോഹന് പ്രതിയായ ക്രിമിനൽ കേസ് കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കുമെന്ന് റൂറൽ എസ്.പി ഹരിശങ്കർ പറഞ്ഞു. അതേസമയം പൊലീസുകാരനായ പ്രതിയെ സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുകയാണെന്ന് കൊല്ലം ഡി.സി.സി അധ്യക്ഷ ബിന്ദു കൃഷ്ണ ആരോപിച്ചു.
സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കടയ്ക്കൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള സിദ്ദിഖിന്റെ നില മാറ്റമില്ലാതെ തുടരുകയാണ്.