India Kerala

‘’ഞാനിന്ന് ആസിമിനെ കണ്ടു; അവന്‍ ഒരു പോരാളിയാണ്’’: രാഹുലിനൊപ്പം ആസിം

കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ സ്നേഹവാത്സല്യത്തിന് പാത്രമായതോടെ സോഷ്യല്‍ മീഡിയയില്‍ കൂടി താരമായിരിക്കുക ആസിം എന്ന കൊച്ചുമിടുക്കന്‍. ആസിമിനോട് രാഹുല്‍ ചോദിക്കുന്ന ചോദ്യങ്ങളെല്ലാം രമേശ് ചെന്നിത്തലയാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് കൊടുക്കുന്നത്. കോണ്‍ഗ്രസിലേക്ക് വരാന്‍ താത്പര്യമുണ്ടെങ്കില്‍ ആസിമിന് സ്വാഗതമെന്നും രാഹുല്‍ പറയുന്നുണ്ട്. രാഹുല്‍ എഫ്ബിയില്‍ വീഡിയോ അപ്‍ലോഡ് ചെയ്തതോട് കൂടി രാജ്യം മുഴുവന്‍ പ്രശസ്തനായിരിക്കുകയാണ് ഈ കൊച്ചുമിടുക്കന്‍ .

ഇരുകൈകളുമില്ലെങ്കിലും ഒരു നാടിന്റെ കൂടി വിദ്യാഭ്യാസ സ്വപ്നങ്ങളുടെ പേരാണ് ഇന്ന് ആസിം. പരിമിതികളെയെല്ലാം ചെറുത്തുതോല്‍പിച്ച് മുന്നേറുന്ന വിദ്യാര്‍ത്ഥി. കാലുപയോഗിച്ച് അക്ഷരങ്ങള്‍ കുറിച്ച് ക്ലാസ്സില്‍ മിടുക്കനായി. വീട്ടിനടുത്തെ വെളിമെണ്ണ ജി.എല്‍.പി സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആസിം ശ്രദ്ധേയനാവുന്നത്. നാലാം തരം കഴിഞ്ഞാല്‍ പിന്നെ എന്തു ചെയ്യുമെന്ന ആശങ്കയില്‍ അന്ന് തന്റെ കാലുകളിലൂടെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തെഴുതി. യുപി സ്കൂളായി ഉയര്‍ത്തണമെന്ന ആസിമിന്റെ ആഗ്രഹത്തിന് ഏറെ താമസിയാതെ സാക്ഷാത്കാരം.

മൂന്ന് വര്‍ഷത്തിനിപ്പുറം ഏഴാം ക്ലാസുകാരനായ ആസിമിന്റെ ആശങ്കകള്‍ വീണ്ടും ഉയരുകയാണ്. സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിരുന്നു ഈ മിടുക്കന്‍. ആസിമിന്‍റെ ആവശ്യം ഇത്തവണ സ്വീകരിക്കപ്പെട്ടില്ല. തുടര്‍ന്ന് ആസിം ഹൈക്കോടതിയെ സമീപിക്കുകയും സ്കൂൾ അപ്‌ഗ്രേഡ് ചെയ്യാനും രണ്ടാഴ്ചയ്ക്കുള്ളിൽ വേണ്ട സൗകര്യമൊരുക്കാനുമുള്ള ഉത്തരവ് നേടിയെടുക്കുകയും ചെയ്തിരുന്നു. പക്ഷേ സര്‍ക്കാരിന്റെ അപ്പീലില്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്യുകയാണുണ്ടായത്.

ഇരുകൈകളില്ലെങ്കിലും ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ ഇവനറിയാം

തുടര്‍ന്നാണ് മുടങ്ങിയ വിദ്യാഭ്യാസം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരത്തിനായി ആസിം തിരുവനന്തപുരത്ത് എത്തിയത്.