ശബരിമലയിൽ ഇത്തവണ യുവതിപ്രവേശനം അനുവദിക്കില്ലെന്ന കർശന നിലപാട് വ്യക്തമാക്കുന്നതാണ് തൃപ്തി ദേശായിക്ക് സംരക്ഷണമൊരുക്കില്ലെന്ന തീരുമാനത്തിലൂടെ സർക്കാർ നൽകുന്നത്. കോടതി വിധിയിലെ അവ്യക്തത ചൂണ്ടിക്കാട്ടുമ്പോഴും വ്യക്തത തേടി കോടതിയെ സമീപിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. യുവതികൾ പ്രവേശിച്ചാൽ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സർക്കാർ നിലപാട്.
സുപ്രിംകോടതി വിധിയിലെ അവ്യക്തതയും, യുവതീ പ്രവേശനം ഇത്തവണ അനുവദിക്കേണ്ടതില്ലെന്ന നിയമോപദേശവുമാണ് സർക്കാരിന്റെ പിടിവള്ളി. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി കൂടിയായപ്പോൾ യുവതിപ്രവേശനം വേണ്ടെന്ന തീരുമാനത്തിലേക്ക് സി.പി എം എത്തുകയും ചെയ്തു. യുവതികൾ വന്നാൽ സംരക്ഷണം ഒരുക്കില്ലെന്ന് നേരത്തെ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും പ്രായോഗികതലത്തിൽ കൃത്യമായ സന്ദേശം സർക്കാർ ഇന്നലെ നൽകിക്കഴിഞ്ഞു.
ദർശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി ദേശായി പറഞ്ഞിട്ടും പൊലീസ് വഴങ്ങാൻ തയ്യാറായില്ലെന്ന് മാത്രമല്ല പോകണമെങ്കിൽ കോടതി ഉത്തരവുമായി വരണമെന്ന കർശനമായ സമീപനം സ്വീകരിക്കുകയും ചെയ്തു. അതായത് ഒരു സ്ത്രീക്കും സർക്കാർ ഇത്തവണ സംരക്ഷണം നൽകി മല കയറ്റില്ല എന്ന സന്ദേശമാണ് നൽകിയിരിക്കുന്നത്. തൃപ്തി ദേശായിയുടെ വരവിൽ സംഘപരിവാറിനെ സംശയത്തിന്റെ നിഴലിൽ നിർത്തി അവരെ പ്രതിരോധത്തിലാക്കാൻ കഴിഞ്ഞുവെന്നും സർക്കാർ കണക്ക് കൂട്ടുന്നുണ്ട്. ദർശനത്തിനായി ഇനിയും സ്ത്രീകൾ വന്നാൽ ഇതേ സമീപനം തന്നെ സ്വീകരിക്കാനാണ് പൊലീസിന് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.