National

ബി.ജെ.പിക്ക് തിരിച്ചടി; വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീംകോടതി

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്ത്വത്തില്‍ വിധി പറഞ്ഞ് സുപ്രീംകോടതി. സംസ്ഥാനത്ത് നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. വോട്ടെടുപ്പ് വീഡിയോയില്‍ പകര്‍ത്താനും കോടതി ആവശ്യപ്പെട്ടു. അട്ടിമറി നീക്കത്തിലൂടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്നാവിസിനും ബി.ജെ.പിക്കും തിരിച്ചടിയായിരിക്കുകയാണ് വിധി.

വിശ്വാസവോട്ടെടുപ്പ് നടത്താന്‍ രണ്ട് ആഴ്ച്ചയുടെ സാവകാശമാണ് ബി.ജെ.പി കോടതിയില്‍ ചോദിച്ചിരുന്നത്. എന്നാല്‍ ഇത് തള്ളികൊണ്ടാണ് നാളെത്തന്നെ വോട്ടെടുപ്പ് നടത്താന്‍ വിധിയുണ്ടായിരിക്കുന്നത്. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതിന് വിശ്വാസവോട്ടെടുപ്പ് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.

നാളെ രാവിലെ പതിനൊന്ന് മണിക്കാണ് വോട്ടെടുപ്പ്. അഞ്ച് മണിയോട് കൂടി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. പ്രൊടേം സ്പീക്കറായിരിക്കണം വോട്ടെടുപ്പ് നടത്തേണ്ടത്. വിശ്വാസവോട്ടെടുപ്പ് രഹസ്യ ബാലറ്റിലായിരിക്കരുതെന്നും കോടതി നിര്‍ദേശമുണ്ട്.