India National

അജിത് പവാറിനെ ബ്ലാക് മെയില്‍ ചെയ്തതാണ്

മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. അജിതിനെ ബ്ലാക് മെയില്‍ ചെയ്തതാണ്. ആരാണ് ഇതിന് പിന്നിലെന്ന് സാമ്ന പത്രത്തിലൂടെ വെളിപ്പെടുത്തുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

എട്ട് എം.എല്‍.എമാര്‍ മാത്രമാണ് അജിത് പവാറിനൊപ്പം പോയത്. അതില്‍ അഞ്ച് പേര്‍ തിരിച്ചെത്തി. അവരെ കള്ളം പറഞ്ഞ്, കാറിനുള്ളില്‍ക്കയറ്റി, തട്ടിക്കൊണ്ടുപോകുന്നതു പോലെയാണ് കൊണ്ടുപോയതെന്നും സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി. തങ്ങള്‍ സര്‍ക്കാരുണ്ടാക്കും. എന്‍.സി.പി നേതാവ് ധനഞ്ജയ് മുണ്ടെയുമായി സംസാരിക്കുന്നുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നാണ് ശിവസേന തലവൻ ഉദ്ധവ് താക്കറെയും എൻ.സി.പി തലവൻ ശരദ് പവാറും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ അംഗങ്ങൾ ബി.ജെ.പിക്കില്ലെന്നും 170 അംഗങ്ങളുടെ പിന്തുണയോടെ തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നും ശരദ് പവാർ പറഞ്ഞു. പത്തോ പതിനൊന്നോ പേരുടെ പിന്തുണ മാത്രമാണ് അജിത് പവാറിനുള്ളതെന്നും അദ്ദേഹത്തിനെതിരായ നടപടി പാർട്ടി തീരുമാനിച്ച് കൈക്കൊള്ളുമെന്നും ശരദ് പവാർ പറഞ്ഞു.