കുഞ്ചാക്കോ ബോബനെ പുകഴ്ത്തി നടന് സലിം കുമാര്‍. പുതുതലമുറയില്‍ മദ്യപിക്കാത്ത, പുകവലിക്കാത്ത താന്‍ കണ്ട ഒരേയൊരാള്‍ കുഞ്ചോക്കാ ബോബനാണെന്ന് സലിം കുമാര്‍ പറഞ്ഞു. ചങ്ങനാശേരി എസ്.ബി കോളജിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സലിം കുമാറിന്റെ പരാമർശം. സോഷ്യല്‍ മീഡിയയില്‍ പല തവണ തന്റെ മരണ വാര്‍ത്ത കണ്ട് കണ്ണ് തള്ളിയ കാര്യവും സലിം കുമാര്‍ പറഞ്ഞു.
“മദ്യപിക്കാത്ത, പുകവലിക്കാത്ത ഒരാളായി ഈ പുതുതലമുറയിൽ ഞാൻ കണ്ട ഏക വ്യക്തി കുഞ്ചാക്കോ ബോബനാണ്. അവൻ ഈ കോളജിന്റെ സന്തതിയാണ്. ഒരു പാർട്ടി വന്ന്, മയക്കുമരുന്നിനെതിരായ സത്യപ്രതിജ്ഞ ചെയ്യാൻ എന്നെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, ഞാൻ വരില്ല. കാരണം ഞാൻ സിഗരറ്റ് വലിക്കും. സിഗരറ്റ് മയക്കുമരുന്നല്ലെങ്കിൽ പോലും അതൊരു മയക്കുമരുന്ന് തന്നെയാണ്. ഞാൻ പറഞ്ഞു, ഒന്നുകിൽ നിങ്ങൾ മമ്മൂട്ടിയെ വിളിക്കുക, അല്ലെങ്കിൽ ജഗദീഷിനെ വിളിക്കൂ, അല്ലെങ്കിൽ നിങ്ങൾ കുഞ്ചാക്കോ ബോബനെ വിളിക്കൂ. അവരെയാണ് എനിക്ക് നിർദേശിക്കാനുള്ളത്”- സലിം കുമാർ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ പല തവണ തന്റെ മരണ വാര്‍ത്ത വന്നതിനെ കുറിച്ചും സലീം കുമാര്‍ പറഞ്ഞു. “വാട്സ് ആപ്പിലൂടെയും ഫേസ് ബുക്കിലൂടെയും പല തവണ ആളുകൾ എന്റെ പതിനാറടിയന്തരം നടത്തി. അങ്ങനെ സ്വന്തം മരണം കണ്ട് കണ്ണ് തള്ളിപ്പോയ ഒരാളാണ് ഞാൻ. അൽ സലിം കുമാർ,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.