ഐസ്ക്രീം പാർലർ അട്ടിമറിക്കേസിൽ സർക്കാരിനെതിരെ വി.എസ് അച്യുതാനന്ദന് ഹൈക്കോടതിയിൽ. എതിർകക്ഷിയുടെ അഭിഭാഷകനുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് വി.എസ് കോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നത്. കാലപ്പഴക്കം ചെന്ന കേസുകൾക്ക് വേണ്ടി സമയം കളയാനില്ലെന്ന് ഹൈക്കോടതി വിമർശിച്ചു.
ഐസ്ക്രീം പാർലർ അട്ടിമറിക്കേസ് തീർപ്പാക്കിയ കീഴ്കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ പുനപരിശോധന ഹരജി നല്കേണ്ടത് സർക്കാർ ആണെന്നും എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്ന് അതിനുള്ള ശ്രമമുണ്ടായില്ലെന്നും വി.എസ് കോടതിയിൽ വ്യക്തമാക്കി. എതിർ കക്ഷിയായ അഡ്വക്കറ്റ് വി.കെ രാജുവുമായി ചേർന്ന് സർക്കാർ കേസ് അട്ടിമറിക്കുന്നു എന്നാണ് വി.എസിന്റെ ആരോപണം.
രണ്ട് ദശാബ്ദക്കാലം പഴക്കമുള്ള കേസാണിതെന്നും അടിയന്തര പ്രാധാന്യത്തോടെ ഹരജി പരിഗണിക്കണമെന്നും വി.എസിന്റെ അഭിഭാഷകൻ ആവശ്യമുന്നയിച്ചു. എന്നാൽ ഈ ആവശ്യം കോടതി പരിഗണിച്ചില്ല. കേസിന് ഈ ഘട്ടത്തിൽ പ്രസക്തിയില്ലെന്ന് വ്യക്തമാക്കിയ കോടതി കാലപ്പഴക്കം ചെന്നതും കുഴിച്ചുമൂടിയതുമായ ഇത്തരം കേസുകൾക്ക് വേണ്ടി സമയം കളയാനില്ലെന്നും വ്യക്തമാക്കി. കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാർച്ച് അഞ്ചിലേക്ക് മാറ്റി.