National

പ്രജ്ഞാ സിങ് ഠാക്കൂര്‍ പ്രതിരോധ വകുപ്പിന്റെ പാര്‍ലമെന്ററി സമിതിയില്‍

മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രജ്ഞാ സിങ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കൂടിയാലോചനാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. 21 അംഗ കൂടിയാലോചന സമിതിയുടെ അദ്ധ്യക്ഷന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങാണ്. ഭോപാലില്‍ നിന്നുള്ള എം.പിയാണ് പ്രജ്ഞാ സിങ് ഠാക്കൂര്‍.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പ്രജ്ഞാ സിങിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. പ്രതിഷേധം കനത്തപ്പോള്‍ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞു ഠാക്കൂര്‍ തടിയൂരി. സംഭവത്തില്‍ ബി.ജെ.പി കാരണംകാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. പിന്നാലെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കൂടിയാലോചനാ കമ്മിറ്റിയിലേക്കും ഠാക്കൂറിനെ തെരഞ്ഞെടുക്കുന്നത്.

പ്രതിപക്ഷനേതാക്കളായ ശരത് പവറും ഫാറൂഖ് അബ്ദുള്ളയും ഈ സമിതിയിലുണ്ട്.