Kerala

പി.ആർ.എസ് പദ്ധതി പാളി; നെൽകർഷകർ പ്രതിസന്ധിയിൽ

പി.ആർ.എസ് പദ്ധതിയിലൂടെ നെല്ല്സംഭരിച്ച ഇനത്തില്‍ ബാങ്കുകൾക്ക് സർക്കാർ നൽകാനുള്ളത് കോടികൾ. സർക്കാർ കുടിശ്ശിക വരുത്തിയതോടെ കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ഈ വര്‍ഷത്തെ പണം നൽകിയില്ല. ലോണ്‍ വ്യവസ്ഥയില്‍ കഴിഞ്ഞവര്‍ഷം ലഭ്യമാക്കിയ തുകയും പലിശയും തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ക്ക് ബാങ്കുകളുടെ ജപ്തി ഭീഷണിയും വന്നു.

സിവില്‍ സപ്ലൈസ് വകുപ്പ് നെല്ല് സംഭരിച്ച് ബാങ്കുകളിലൂടെ കര്‍ഷകര്‍ക്ക് പണം നല്‍കുകയാണ് പതിവ്. നെല്ല് ഏറ്റെടുത്ത ശേഷം മില്ലുടമകള്‍ നല്‍കുന്ന പാഡി റസിപ്റ്റ് ഷീറ്റ് (PRS) ബാങ്കുകളില്‍ ഹാജരാകുമ്പോള്‍ ലോണ്‍ വ്യവസ്ഥയില്‍ ബാങ്കുകള്‍ കര്‍ഷകര്‍ക്ക് പണം നല്‍കുന്നു. ലോണ്‍ തുകയും നിര്‍ദ്ദിഷ്ട പലിശയും സര്‍ക്കാര്‍ നേരിട്ടാണ് ബാങ്കുകള്‍ക്ക് തിരിച്ചടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏറ്റെടുത്ത നെല്ലിന്റെ തുകയായ 1450 കോടി രൂപ സര്‍ക്കാര്‍ ഇതുവരെയും ബാങ്കുകള്‍ക്ക് നല്‍കിയിട്ടില്ല. ഇതേതുടര്‍ന്ന് പി.ആർ.എസ് ഹാജരാക്കിയ കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ഈ വര്‍ഷത്തെ പണം നിഷേധിക്കുകയാണ്.

ലോണ്‍ വ്യവസ്ഥയില്‍ കഴിഞ്ഞവര്‍ഷം ലഭ്യമാക്കിയ തുകയും പലിശയും തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകള്‍ കര്‍ഷകര്‍ക്ക് ഫോണിലൂടെ മുന്നറിയിപ്പ് നൽകി തുടങ്ങി.

സർക്കാർ പണം നൽകുന്ന മുറക്ക് ജപ്തി നടപടികളിലേക്ക് കടക്കില്ലെന്നാണ് ബാങ്കുകൾ നൽകുന്ന വിശദീകരണം.