ബാബരികേസ് വിധി മാനിക്കുന്നുവെങ്കിലും ഒരു വിഭാഗത്തിന് നീതി കിട്ടിയില്ലെന്ന വികാരം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചെന്ന് മുസ്ലിം ലീഗ് നേതാക്കള്‍. മതേതരപാര്‍ട്ടികള്‍ ഈ വികാരം കണക്കിലെടുക്കണമെന്നും സോണിയയോട് ആവശ്യപ്പെട്ടതായി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ലീഗ് നേതാക്കളായ ഖാദര്‍ മൊയ്തീന്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
അയോധ്യ, പൗരത്വ ബില്‍, കശ്മീര്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസ് ബി.ജെ.പിയുടെ അജണ്ടകളെ പിന്തുണച്ച സാഹചര്യത്തിലാണ് മുസ്ലിം ലീഗ് നേതാക്കള്‍ സോണിയാഗാന്ധിയെ കണ്ടത്. അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്നത് കോണ്‍ഗ്രസിന്റെയും നിലപാടാണെന്ന് സുപ്രീംകോടതി വിധിക്കു ശേഷം പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജെവാല വ്യക്തമാക്കിയിരുന്നു. മതേതരത്വ വിഷയങ്ങളില്‍ കോണ്‍ഗ്രസാണ് യു.പി.എ നിരയെ പാര്‍ലമെന്റില്‍ മുന്നില്‍ നിന്നു നയിക്കേണ്ടതെന്ന് മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടി. ബി.ജെ.പി സര്‍ക്കാറിന്റെ വിഭാഗീയ അജണ്ടകളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ദേശീയതലത്തില്‍ കാമ്പയിന് ആരംഭിക്കണമെന്നും മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ വസതിയിലെത്തിയ നേതാക്കള്‍ ആവശ്യപ്പെട്ടു.
അയോധ്യാ വിഷയത്തില്‍ പേഴ്സണല്‍ ലോബോര്‍ഡിന്റെ തീരുമാനങ്ങള്‍ അംഗീകരിച്ചു മുന്നോട്ടു പോകുമെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുക എന്നത് നിയമപരമായി മുസ്ലിംകളുടെ അവകാശമാണെന്നും ലീഗ് കഴിഞ്ഞ ദിവസം ദല്‍ഹിയിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.