ശബരിമല ക്ഷേത്ര ഭരണ നിർവണത്തിന് പ്രത്യേക നിയമനിർമാണം വേണമെന്ന് സുപ്രീം കോടതി. നിയമം കൊണ്ടു വരാത്തതിന് സംസ്ഥാന സർക്കാറിനെ കോടതി വിമർശിച്ചു. പുനഃപരിശോധന ഹരജികളിൽ ഏഴംഗ ബഞ്ചിന്റെ വിധി മറിച്ചായാൽ എന്ത് ചെയ്യുമെന്ന് ജസ്റ്റിസ് എൻ.വി രമണ ചോദിച്ചു.
ശബരിമലയിൽ ഭരണനിർവഹണവുമായി ബന്ധപ്പെട്ട് പന്തളം കൊട്ടാരം നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബഞ്ച് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യരുത്. ശരാശരി 50 ലക്ഷത്തിലേറെ വിശ്വാസികൾ വരുന്ന ക്ഷേത്രമാണ് പിന്നെ എന്തുകൊണ്ടാണ് പ്രത്യേക ഭരണ നിർവഹണ സംവിധാനം ഇല്ലാത്തതെന്നും ജസ്റ്റിസ് എൻ.വി രമണ ചോദിച്ചു. ഒരു ദേവസ്വം കമ്മീഷണർ എങ്ങനെ ഇത്രയും ക്ഷേത്രങ്ങൾ ഒന്നിച്ച് കൈകാര്യം ചെയ്യുമെന്നും കോടതി ചോദിച്ചു. അതേസമയം സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ ഭരണ നിർവഹണത്തിന് ബിൽ തയ്യാർ ആണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സമഗ്രമായ ബിൽ ആണ്. എന്നാലും മന്ത്രിസഭ ഒന്നുകൂടി ബിൽ പരിശോധിക്കേണ്ടതുണ്ട്.
രണ്ട് മാസം സമയം അനുവദിച്ചാൽ ബിൽ നിയമം ആക്കാമെന്നും സർക്കാർ സംസ്ഥാന സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. കരട് ബിൽ സർക്കാർ കോടതിക്ക് കൈമാറി. ബിൽ പ്രകാരം ക്ഷേത്ര ഭരണ നിർവഹണത്തിൽ മുന്നിൽ ഒന്ന് സ്ത്രീ സംവരണം ഏർപ്പെടുത്തിയതിലും കോടതി സംശയം പ്രകടിപ്പിച്ചു. ശബരിമലയിലെ പുനഃപരിശോധന ഹരജികൾ ചൂണ്ടിക്കാട്ടിയായിരുന്നു 7 അംഗ ബഞ്ച് വിധി മറിച്ചാണെങ്കിൽ എന്ത് ചെയ്യുമെന്ന കോടതിയുടെ ചോദ്യം.