എം.ജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാനം റദ്ദാക്കിയ നടപടിയും വിവാദമാകുന്നു. മാര്‍ക്ക് ദാനം റദ്ദാക്കിയെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍വ്വകലാശാല തയ്യാറായിട്ടില്ല. സ്റ്റ്യാറ്റ്യൂട്ടിലെ ചട്ടങ്ങള്‍ പാലിക്കാതെയാണ് റദ്ദാക്കല്‍ നടത്തിയതെന്നും ഇത് അനര്‍ഹരായ വിദ്യാര്‍ത്ഥികളെ സഹായിക്കാനാണെന്നും ആരോപണമുണ്ട്.
മാര്‍ക്ക് ദാനം സിന്‍ഡിക്കേറ്റിന് റദ്ദാക്കാമെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് വിളിക്കുന്നതിനും വിജയം റദ്ദാക്കുന്നതിനും കൃത്യമായ ചട്ടങ്ങള്‍ ഉണ്ട്. സ്റ്റ്യാറ്റ്യൂട്ടിന്റെ 35 അധ്യായത്തിലാണ് റദ്ദാക്കലിന് പാലിക്കേണ്ട ചട്ടങ്ങള്‍ കൃത്യമായി പറയുന്നത്. അക്കാദമിക് കൌണ്‍സിലിന്റെ നിര്‍ദ്ദേശ പ്രകാരം ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ അഭിപ്രായവും കേട്ടതിന് ശേഷമേ സിന്‍ഡിക്കേറ്റ് ചേര്‍ന്ന് നടപടി സ്വീകരിക്കാന്‍ പാടുള്ളു. എന്നാല്‍ ഇതൊന്നും എം.ജി യൂണിവേഴ്സിറ്റിയില്‍ നടപ്പായിട്ടില്ല. ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് വിളിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് സര്‍വ്വകലാശാലയ്ക്ക് ഉള്ളത്.
അനര്‍ഹര്‍ക്ക് കോടതിയില്‍ പോയി അനുകൂല വിധി നേടാനുള്ള അവസരമാണ് സിന്‍ഡിക്കേറ്റ് ചട്ടങ്ങള്‍ പാലിക്കാതെയുള്ള റദ്ദാക്കല്‍ നടപടിയിലൂടെ ചെയ്യുന്നതെന്നും ആരോപണം ഉണ്ട്. അതേസമയം സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ തീരുമാനം ഗവര്‍ണര്‍ ഇതുവരെ അംഗീകരിച്ചില്ല. ഗവര്‍ണറുടെ മുന്‍പാകെ റദ്ദാക്കല്‍ നടപടി എത്തിയിട്ടില്ലെന്നാണ് അറിയാന്‍ സാധിച്ചത്. മാര്‍ക്ക് ദാനം വിവാദമായതോടെ കഴിഞ്ഞ മാസം 24നാണ് പ്രത്യേക സിന്‍ഡിക്കേറ്റ് ചേര്‍ന്ന് മാര്‍ക്ക് ദാനം പിന്‍വലിച്ചത്.