India Kerala

അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍

വാളയാർ കേസില്‍ പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയും ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കി. സര്‍ക്കാര്‍ ഇപ്പോഴെങ്കിലും തെറ്റ് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു.

2017 ആഗസ്തിലാണ് ആദ്യ കുട്ടി മരിച്ചത്. മരിച്ച മൂത്ത കുട്ടിയ്ക്ക് ലൈംഗിക പീഡനം ഉണ്ടായെങ്കിലും ആ രീതിയിൽ അന്വേഷണമുണ്ടാട്ടിയില്ല. കേസിൽ തുടരന്വേഷണവും തുടർ വിചാരണയും അനിവാര്യമാണ്. അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം പൊലീസും പ്രോസിക്യൂഷനും കൂടിയാലോചന നടത്തിയില്ല.

രണ്ടാമത്തെ കുട്ടിയുടെ മരണത്തിലും അന്വേഷണം കാര്യക്ഷമമായിട്ടല്ല നടന്നതെന്ന് അപ്പീലിൽ പറയുന്നു.രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമാണോയെന്ന് പരിശോധിക്കണമെന്ന ഫോറൻസിക് സർജന്റെ റിപ്പാർട്ട് അന്വേഷിച്ചിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച പറ്റിയിട്ടുണ്ട്.

തെളിവുകൾ അന്തിമമായി പരിശോധിച്ച ശേഷമേ അന്തിമ റിപ്പോർട്ട് നൽകാവൂ. ഇക്കാര്യത്തിൽ അതുണ്ടായിട്ടില്ലന്നും അപ്പീലിൽ പറയുന്നു. വീഴ്ച വരുത്തിയ പ്രോസിക്യൂട്ടർക്കെതിരെ നടപടിയെടുത്തുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. പ്രതികളുടെ ബന്ധുക്കളായ സാക്ഷികൾ കൂറുമാറിയപ്പോൾ അവരെ വിസ്തരിക്കാൻ കഴിഞ്ഞിട്ടില്ല. സാക്ഷികളുടെ രഹസ്യ മൊഴി മജിസ്ടേറ്റ് രേഖപ്പെടുത്തിയെങ്കിലും അതൊന്നും പ്രോസിക്യൂഷൻ ഉപയോഗിച്ചില്ലന്നും അപ്പീലിൽ പറയുന്നു. അതേ സമയം സർക്കാർ തെറ്റ് തിരിച്ചറിഞ്ഞെന്നും കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും പെൺകുട്ടിയുടെ അമ്മ പ്രതികരിച്ചു.