ലോക്സഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ബി.ജെ.പി ശിവസേന തര്‍ക്കം മുറുകുന്നു. തങ്ങളാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ വല്യേട്ടനെന്ന് ശിവസേന അവകാശപ്പെട്ടു. അതേസമയം 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റില്‍ മത്സരിച്ചത് തങ്ങളാണെന്ന അവകാശവാദവുമായി ബി.ജെ.പിയും രംഗത്തെത്തി.
മറാത്ത രാഷ്ട്രീയത്തിലെ വല്യേട്ടന് തങ്ങളാണ്. അത് ഇനിയും അങ്ങനെയായിരിക്കുമെന്നും ശിവസേന വ്യക്തമാക്കി. ബി.ജെ.പിയും ശിവസേനയും ലോക്സഭ തെരഞ്ഞെടുപ്പില്‍ തുല്യ സീറ്റുകളില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകളോടാണ് ശിവസേനയുടെ പ്രതികരണം.
അതേസമയം 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ തങ്ങളാണ് ഏറ്റവും കൂടുതല്‍ സീറ്റില്‍ മത്സരിച്ചതെന്ന് ബി.ജെ.പി അവകാശപ്പെട്ടു, ശിവസേനയുമായുള്ള സഖ്യം തീരുമാനിക്കാന്‍ ഇനിയും കാത്തിരിക്കണമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ തന്നെ ബി.ജെ.പിയെ ചൊടിപ്പിക്കുന്ന നിരവധി നീക്കങ്ങളാണ് ശിവസേന നടത്തിയിരുന്നത്. റാഫേല്‍ വിഷയത്തില്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണം ആവശ്യപ്പെടുമെന്ന് ഇന്ന് മുംബൈയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം ശിവസേന വ്യക്തമാക്കി. പ്രിയങ്കയെയും രാഹുലിനെയും പ്രശംസിച്ച് ശിവസേന മുഖപത്രം സാംന കഴിഞ്ഞയാഴ്ച മുഖപ്രസംഗവും എഴുതിയിരുന്നു. ഇതോടെ ശിവസേന ബി.ജെ.പി സഖ്യം തുടരുമോയെന്ന കാര്യത്തില്‍ സംശയം ബലപ്പെടുകയാണ്.