അന്തരീക്ഷ മലിനീകരണം സംബന്ധിച്ച പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാത്തതിന് പഴികേട്ട മുൻ ക്രിക്കറ്റ് താരവും പാർലമെന്റ് അംഗവുമായ ഗൗതം ഗംഭീർ മറുപടിയുമായി രംഗത്ത്. താൻ ജിലേബി തിന്നതു കൊണ്ടല്ല ഡൽഹിയിലെ അന്തരീക്ഷം മലിനമായതെന്നും മലിനീകരണം നിയന്ത്രിക്കാൻ കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ താൻ ചെയ്തത്ര കാര്യങ്ങൾ സംസ്ഥാനം ഭരിക്കുന്ന അരവിന്ദ് കേജ്രിവാൾ സർക്കാർ ചെയ്തിട്ടില്ലെന്നും ഗംഭീർ പറഞ്ഞു.
“ഞാൻ ജിലേബി തിന്നതുകൊണ്ടാണോ ഡൽഹിയിൽ മലിനീകരണം കൂടിയത്? ഞാൻ ജിലേബി കഴിക്കുന്നതു കൊണ്ട് ഡൽഹിയിലെ മലിനീകരണം വർധിക്കുന്നുണ്ടെങ്കിൽ എന്നെന്നേക്കുമായി ജിലേബി ഒഴിവാക്കാൻ ഞാൻ തയ്യാറാണ്. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ ഡി.എം.സി 60 വാഹനങ്ങളും സ്പ്രിങ്ക്‌ളിംഗ് മെഷീനും വാക്വം ക്ലീനറും വാങ്ങി. ഗാസിപ്പൂരിലെ ചപ്പുചവറു സംസ്‌കരണത്തിന്റെ ജോലി തുടങ്ങിയത് കഴിഞ്ഞ അഞ്ചുമാസത്തിനിടെയാണ്.”
“എന്റെ അഞ്ചും രണ്ടരയും വയസ്സുള്ള മക്കളും ഡൽഹിക്കാരുടെ മക്കളുമെല്ലാം ജീവിക്കുന്നത് ഇവിടെയാണ്. ആം ആദ്മി പാർട്ടി ഒഴികെയുള്ള എല്ലാവരും മാലിന്യത്തിന്റെ കാര്യം ഗൗരവത്തിൽ പരിഗണിക്കുന്നുണ്ട്.” ഗംഭീർ പറഞ്ഞു.
യോഗത്തിന് വരാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ‘യോഗമാണോ എന്റെ പ്രവൃത്തികളാണോ പ്രധാനം?’ എന്ന മറുചോദ്യമാണ് ഗംഭീർ ഉന്നയിച്ചത്. തനിക്കെതിരെ ട്രോളുകൾ ഉണ്ടാക്കാനും പോസ്റ്റർ പതിക്കാനും ചെലവഴിച്ച അധ്വാനം മലിനീകരണത്തിന്റെ മേൽ ചെലവഴിച്ചിരുന്നെങ്കിൽ എല്ലാവർക്കും ശുദ്ധവായു ശ്വസിക്കാമായിരുന്നുവെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
15-ാം തിയ്യതി നടക്കേണ്ടിയിരുന്ന പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ ഗംഭീര്‍ പങ്കെടുക്കാതിരുന്നത് വന്‍വിവാദമായിരുന്നു. ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരം കാണാന്‍ ഇന്‍ഡോറില്‍ പോയ താരം അവിടെനിന്ന് ജിലേബി തിന്നുന്ന ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഗംഭീറിനെ കാണാനില്ലെന്ന പോസ്റ്ററുകളും ഡല്‍ഹിയില്‍ വ്യാപകമായി പ്രചരിച്ചു.
ഇതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. പോസ്റ്ററുകള്‍ക്കു പിന്നില്‍ ആം ആദ്മി പാര്‍ട്ടിയാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.