മദ്രാസ് ഐഐടിയിൽ മരിച്ച ഫാത്തിമ ലത്തീഫിന്റെ പിതാവും ബന്ധുക്കളും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് പറഞ്ഞു. വിഷയം ഇന്ന് പാർലമെന്റ് സമ്മേളനത്തിലും ചർച്ചയാകും.
ഫാത്തിമയുടെ മരണം ദേശീയതലത്തിൽ തന്നെ വലിയ ചർച്ചയായത്തിന് പിന്നാലെയാണ് കേസിൽ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നത്. കോട്ടൂർപ്പുറം പോലീസിന്റെ അന്വേഷണത്തിൽ പരാതിയുണ്ടായിരുന്നെങ്കിലും നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നായിരുന്നു പിതാവിന്റെ പ്രതികരണം. ഒരുമാസത്തെ സംഭവങ്ങളുടെ കുറിപ്പുകൾ ഫാത്തിമയുടെ ഫോണിലുണ്ടായിരുന്നു. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇതിൽ ചിലത് മാത്രമാണ് പുറത്തുവിട്ടത്. ഇന്നത്തെ കൂടിക്കാഴ്ചയിൽ ഇത് മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ഫാത്തിമയുടെ പിതാവ് പറഞ്ഞു.
എൻ.കെ പ്രേമചന്ദ്രൻ എംപി ഇന്ന് പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കുന്നുണ്ട്. അതേസമയം ഐഐടിയിലെത്തി തെളിവെടുപ്പ് നടത്തിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ സുബ്രഹ്മണ്യം വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് ഉടൻ കൈമാറും. കേസിൽ ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രത്യേക അന്വേഷണസംഘം ഉടൻ കേരളത്തിലെത്തും.