India Kerala

ശബരിമലയില്‍ യുവതികളെ കയറ്റേണ്ടെന്ന് നിയമോപദേശം

ശബരിമലയില്‍ യുവതികളെ കയറ്റേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് നിയമോപദേശം നല്‍കിയത്. ഏഴംഗ ബഞ്ച് ഭരണഘടനാപ്രശ്നങ്ങള്‍ തീര്‍പ്പ് കല്‍പിക്കുംവരെ നിലപാട് തുടരണം. വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നും നിയമോപദേശത്തില്‍ പറയുന്നു.

പുനപ്പരിശോധനാ ഹര്‍ജി സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാബഞ്ചിന്‍റെ വിധിയില്‍ നിരവധി അവ്യക്തതകള്‍ ഉണ്ടെന്ന് ഇന്നലെ സര്‍ക്കാര്‍ വിലയിരുത്തി. ഒന്നാമത് യുവതീപ്രവേശനം അനുവദിച്ച 2018 സെപ്തംബറിലെ വിധി സ്റ്റേ ചെയ്യുന്നുവെന്നോ സ്റ്റേ ചെയ്യുന്നില്ല എന്നോ കോടതി പറഞ്ഞിട്ടില്ല. രണ്ടാമത് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ അന്ന് നിരത്തിയ പല കാര്യങ്ങളിലും കോടതി തന്നെ സംശയം പ്രകടിപ്പിച്ച് ഏഴംഗബഞ്ചിന് വിട്ടിരിക്കുകയാണ്. മൂന്നാമത് വിശ്വാസവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ വിപുലമായ ബഞ്ച് പരിഗണിക്കുമ്പോള്‍ സ്ത്രീപ്രവേശനം അനുവദിക്കേണ്ടതുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ഇതുകൊണ്ടാണ് വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.