India Kerala

വിശ്വാസികളോടൊപ്പം നിന്ന യു.ഡി.എഫിന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞുവെന്ന് ഉമ്മന്‍ചാണ്ടി

ശബരിമല കേസിലെ സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിശ്വാസികളോടൊപ്പം നിന്ന യു.ഡി.എഫിന്റെ നിലപാട് ശരി എന്ന് തെളിഞ്ഞു. വിശ്വാസ താൽപര്യം സംരക്ഷിക്കാൻ ഇത് സഹായകരമാകും. ഈ വർഷത്തെ തീർഥാടനം സുഗമമാക്കാൻ സർക്കാർ ശ്രദ്ധിക്കണം. സർക്കാർ അവിടേക്ക് ആക്ടിവിസ്റ്റുകളെ കൊണ്ടു പോയതാണ് പ്രശ്നം. വിധി വന്നയുടനെ തിടുക്കത്തിൽ പോയത് തെറ്റാണ്. അക്രമത്തിലേക്ക് പോയവരുടെ നിലപാടും തെറ്റാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

യു.ഡി.എഫ് വിശ്വാസികൾക്കനുകൂലമായി സത്യവാങ്മൂലം നൽകുകയാണ് ചെയ്തത്. നിയമ വ്യവസ്ഥക്ക് ഉള്ളിൽ നിന്ന് കൊണ്ടുള്ള പ്രതിഷേധം മാത്രം നടത്തി. അത് രാഷ്ട്രീയമായി മുതലെടുപ്പിന് ശ്രമിച്ചില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല സത്യവാങ്ങ്മൂലം കൊടുത്തതെന്നും അതിൽ അഭിമാനമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സുപ്രീംകോടതി വിധി യു.ഡി.എഫ് നിലപാടിനുള്ള അംഗീകാരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെയുള്ള വിധി ആത്യന്തികം എന്നൊയിരുന്നു സർക്കാർ വാദം. ഏഴംഗ ബെ‍ഞ്ചിനോട് വിട്ടതോടെ കേസില്‍ വീണ്ടും വാദത്തിന് അവസരം വന്നിരിക്കുകയാണ്.യുവതികളെ പൊലീസ് സുരക്ഷയോടെ ശബരിമലക്ക് കൊണ്ടുവന്ന് മണ്ഡലകാലത്ത് സര്‍ക്കാര്‍ പ്രശ്നമുണ്ടാക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

വിശ്വാസവുമായി ബന്ധപ്പെട്ട കോൺഗ്രസ് നിലപാട് സാധൂകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു‍. അനുകൂല വിധിയാണ് പ്രതീക്ഷിക്കുന്നത്. അന്തിമ വിധി എതിരായാൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ നിയമനിർമാണം നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.