India National

ഫാത്തിമയുടെ മരണം: അന്വേഷണം വേണമെന്ന് തമിഴ്നാട്ടിലെ മുസ്‍ലിം സംഘടനകള്‍

മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സി.ബി.സി.ഐ.ഡി (ക്രൈംബ്രാഞ്ച് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്മെന്‍റ്‍) അന്വേഷണം വേണമെന്ന് മനിതനേയ മക്കള്‍കച്ചി ആവശ്യപ്പെട്ടു. ഫാത്തിമ കാമ്പസില്‍ മതപരമായ വിവേചനം നേരിട്ടെന്ന് പിതാവ് പറഞ്ഞ സാഹചര്യത്തിലാണ് സി.ബി.സി.ഐ.ഡി അന്വേഷണം ആവശ്യപ്പെടുന്നതെന്ന് മനിതനേയ മക്കള്‍ കച്ചി നേതാവ് ജവാഹിറുല്ല വ്യക്തമാക്കി.

ഫാത്തിമയ്ക്ക് നീതി ഉറപ്പാക്കണം എന്ന് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മദ്രാസ് ഐ.ഐ.ടിയിലേക്ക് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശി ഫാത്തിമ ലത്തീഫിനെ (18) ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നാം വര്‍ഷ എം.എ ഹ്യുമാനിറ്റീസ് (ഇന്റഗ്രേറ്റഡ്) വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ. അധ്യാപകനായ സുദര്‍ശന്‍ പദ്മനാഭന്‍ ആണ് മരണത്തിന് കാരണമെന്ന് എഴുതി വെച്ച ഫോണിലെ കുറിപ്പും പിന്നീട് കണ്ടെത്തി.

ഐ.ഐ.ടിയില്‍ ജാതീയവും മതപരവുമായ വിവേചനം ഫാത്തിമ അനുഭവിച്ചിരുന്നുവെന്ന് പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു- “ഫാത്തിമ എന്ന പേര് തന്നെ ഒരു പ്രശ്‌നമാണ് വാപ്പിച്ചാ എന്ന് അവള്‍ പറഞ്ഞിരുന്നു. ഫാത്തിമ ലത്തീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് എത്തുന്നത് അവിടത്തെ ചില അധ്യാപകര്‍ക്ക് പ്രശ്‌നമായിരുന്നു”.

പല വേര്‍തിരിവുകളും മകള്‍ക്ക് നേരിടേണ്ടി വന്നിരുന്നുവെന്ന് മാതാവ് സജിത പറഞ്ഞു-“അവള്‍ക്ക് പേടിയുണ്ടായിരുന്നു, നമ്മുടെ നാട്ടിലെ അവസ്ഥയെല്ലാം മാറിയെന്ന് പറഞ്ഞ് എന്റെ മോള് തലയില്‍ ഷോള് പോലും ഇടത്തില്ലായിരുന്നു, മുസ്‍ലിമാണെന്ന് അറിയണ്ട എന്നും പറഞ്ഞ്. എന്റെ മകളുടെ പേര് ഫാത്തിമയെന്നായിപ്പോയി. രാജ്യത്തെ അവസ്ഥ കാരണം വസ്ത്രധാരണത്തില്‍ മാറ്റം വരുത്തി. ഭയം കൊണ്ടു തന്നെയാണ് ബനാറസ് യൂണിവേഴ്‌സിറ്റിയില്‍ അയക്കാത്തത്. തമിഴ്‌നാട്ടില്‍ ഇങ്ങനെയൊരു അവസ്ഥ അവള്‍ക്ക് നേരിടേണ്ടി വരുമെന്ന് കരുതിയില്ല. എന്റെ മോള് ഇന്റേണല്‍ മാര്‍ക്ക് ചോദ്യംചെയ്തതൊന്നും സാറിന് ഇഷ്ടപ്പെട്ടില്ല. ഐ.ഐ.ടിയിലെ അധ്യാപകനായ സുദര്‍ശന്‍ പദ്മനാഭന്റെ മാനസിക പീഡനമാണ് മകളുടെ മരണത്തിലേക്ക് നയിച്ചത്. സുദര്‍ശന്‍ പദ്മനാഭന്‍ തന്നെയാണ് അവളെ ഇല്ലാതാക്കിയത്”.

പ്രതിഷേധം ശക്തമായതോടെ രണ്ട് അധ്യാപകർ ഉൾപ്പെടെ 11 പേരെ പൊലീസ് ചോദ്യംചെയ്തു. എന്നാൽ ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭനെ ചോദ്യം ചെയ്തിട്ടില്ല. ഫാത്തിമ പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരയുന്നതായി കണ്ടിരുന്നുവെന്ന് കുട്ടികൾ മൊഴി നൽകി.