പരിസ്ഥിതി ശാസ്ത്രജ്ഞനും കേരള യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗം പ്രൊഫസറുമായിരുന്നു എം.കമറുദ്ദീന് കുഞ്ഞ് അന്തരിച്ചു. 48 വയസായിരുന്നു. തിരുവനന്തപുരം പെരിങ്ങമ്മല മാലിന്യ വിരുദ്ധ സമരത്തിന്റെ പിന്നിലെ പ്രധാന പ്രേരക ശക്തിയായിരുന്നു കമറുദ്ദീന്. കബറടക്കം പെരിങ്ങമ്മല പുത്തൻപള്ളി ജമാഅത്തില്‍ നടക്കും.
പെരിങ്ങമ്മലുയും പാലോടും ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലയുടെ പ്രാധാന്യം ലോകത്തെ അറിയിച്ച പരിസ്ഥിതി ശാസ്ത്രജ്ഞനില്‍ പ്രധാനിയായിരുന്നു കമറുദ്ദീന് കുഞ്ഞ്. പാലോട് ട്രോപിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡണില്‍ ശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് പെരിങ്ങമ്മല ഇക്ബാല്‍ കോളജിലെ അധ്യാപകനായി. കേരള യൂണിവേഴ്സിറ്റിയിലെ ബോട്ടണി വിഭാഗത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. സസ്യ സംരക്ഷണത്തിന് നിരവധി പരിസ്ഥിതി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
പെരിങ്ങമ്മലിയില് മാലിന്യ പ്ലാന്റ് തുടങ്ങാന്‍ തീരുമാനിച്ചതോടെയാണ് കമറുദ്ദീനിലെ ജനകീയ ആക്ടിവസ്റ്റ് പിറവിയെടുക്കുന്നത്. സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ച പെരിങ്ങമ്മല മാലിന്യ വിരുദ്ധസമരത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായി മാറി കമറുദ്ദീന്. ഇതിനിടയിലും പരിസ്ഥിതിയെക്കുറിച്ച പഠനങ്ങള്‍ തുടര്‍ന്നു. പേറ്റന്റിലേക്ക് നയിക്കുന്ന പല ഗവേഷണങ്ങളും നടത്തി വരികയായിരുന്നു. മറ്റൊരാളുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത് പുറത്തിറങ്ങവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തൊട്ടടുത്ത ആശുപത്രില്‍ ഉടനെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം കാണാനായി നൂറുകണക്കിന് പേരാണ് പെരിങ്ങമ്മലയിലെ വീട്ടലെത്തിയത്. ഭാര്യ പെരിങ്ങമ്മല ഇക്ബാല്‍ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ആദില. മൂന്നു മക്കളുണ്ട്.