ശബരിമല പുനഃപരിശോധനാ ഹരജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രാവിലെ 10.30നാണ് വിധി പറയുക. 56 പുനഃപരിശോധനാ ഹരജികള്‍ അടക്കം 65 ഹരജികളാണ് അഞ്ചംഗ ഭരണഘടനാബെഞ്ചിന് മുന്നിലുളളത്. മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സുപ്രീം കോടതിയിൽ നിന്നുണ്ടാകുന്ന തീരുമാനം നിർണായകമാണ്. വിധിയുടെ മറവില്‍ അക്രമമുണ്ടാക്കിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസിന്റെ മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ഫെബ്രുവരി ആറിന് വാദം കേൾക്കൽ പൂർത്തിയായ കേസിലാണ് 9 മാസത്തിന് ശേഷം ഭരണഘടനാ ബെഞ്ച് വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ശബരിമല വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്. ബാബ്രി ഭൂമിത്തർക്ക കേസില്‍ വിശ്വാസത്തെയും പ്രതിഷ്ഠയുടെ നിയമപരമായ അവകാശത്തെയും ചീഫ് ജസ്റ്റിസ് അംഗീകരിച്ചിരുന്നു.
യുവതീപ്രവേശനത്തെ നേരത്തെ എതിര്‍ത്ത ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ബഞ്ചിലുണ്ട്. യുവതീ പ്രവേശനത്തിൽ ഉറച്ചുനില്‍ക്കുന്നുവെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പൊതുവേദിയിൽ തന്നെ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ ആര്.എഫ് നരിമാന്, എ.എന്‍ ഖാന്‍വില്‍ക്കര്‍ എന്നിവരാണ് ബഞ്ചിലെ മറ്റുള്ളവര്‍. യുവതീ പ്രവേശനത്തെ നേരത്തേ എതിര്‍ത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹരജിയില്‍ വാദം കേള്‍ക്കവേ മലക്കം മറിഞ്ഞിരുന്നു. സംസ്ഥാനസര്‍ക്കാര്‍ യുവതീപ്രവേശത്തെ അനുകൂലിച്ച മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.
ക്ഷേത്രം തന്ത്രിക്കെതിരെ കനകദുര്‍ഗയും ബിന്ദുവും സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയിലും കോടതി നിലപാട് നിര്‍ണായകമാകും. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമുളള വിധിയാണ് ഇന്ന് പുറത്തുവരുന്നത്. സെപ്തംബര്‍ 28ലെ വിധിക്കെതിരായ പുനഃപരിശോധന ഹരജികൾ തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാം. സ്വീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ് അയച്ച് വിശദമായ വാദം കേള്‍ക്കാം. വിശാലമായ മറ്റൊരു ബഞ്ചിന് വിടാനുള്ള സാധ്യതയും തള്ളാനാകില്ല.