ബാബരി മസ്ജിദ് കേസില്‍ വിധി വന്നതിന് തൊട്ടുപിന്നാലെ അത് സ്വാഗതം ചെയ്ത നിലപാട് തെറ്റിപ്പോയെന്ന് നേതൃയോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വിധിയുടെ വിശദാംശങ്ങള്‍ ലഭിക്കുന്നതിന് മുമ്പ് പ്രതികരിച്ചതുകൊണ്ടാണ് അപ്പോള്‍ സ്വാഗതം ചെയ്യേണ്ടി വന്നതെന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
സമസ്ത അടക്കമുള്ള മുഴുവന്‍ മുസ്ലീംസംഘടനകളും വിധിക്കെതിരായ നിലപാട് സ്വീകരിച്ചിട്ടും, അനുകൂല നിലപാട് എടുത്തതിനോടുള്ള എതിര്‍പ്പ് മുതിര്‍ന്ന നേതാക്കളടക്കം ഹൈദരലി തങ്ങളേ ധരിപ്പിച്ചിരുന്നു.
ഹൈദരലി ശിഹാബ് തങ്ങളേയും, കെ.പി.എ മജീദിനേയും ഒപ്പം നിര്‍ത്തിയാണ് പാര്‍ട്ടി നിലപാട് പറഞ്ഞതെങ്കിലും ഇതിനോട് എതിര്‍പ്പുള്ളവരായിരുന്നു ഭൂരിഭാഗം നേതാക്കളും. ജനപ്രതിനിധികളടക്കമുള്ളവര്‍ ഹൈദരലി തങ്ങളോട് പാര്‍ട്ടി നിലപാടിലുള്ള എതിര്‍പ്പ് അറിയിക്കുകയും ചെയ്തു.
ദേശീയ നേത്യയോഗത്തില്‍ വിഷയം ഉയര്‍ന്ന് വരുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സ്വാഗത പ്രസംഗ സമയത്ത് പാര്‍ട്ടി ആദ്യം സ്വീകരിച്ച നിലപാടില്‍ പാളിച്ചകള്‍ സംഭവിച്ചുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്.
മാധ്യമങ്ങള്‍ കാത്ത് നിന്നതിനാല്‍ വേഗത്തില്‍ പ്രതികരണം നല്‍കേണ്ടി വന്നു. വിശദാംശങ്ങളൊന്നും അപ്പോള്‍ കയ്യിലില്ലായിരുന്നു. മുസ്ലീം ജനവിഭാഗത്തിന്റെ പൊതു വികാരം എന്താണെന്നും മനസ്സിലാക്കാനും കഴിഞ്ഞില്ല. തെറ്റിന് കാരണമായി കുഞ്ഞാലിക്കുട്ടി പറഞ്ഞ വാദങ്ങളായിരുന്നു ഇത്.
വിധി പകര്‍പ്പ് വിശദമായി പഠിച്ചപ്പോഴാണ് നിലപാടിലെ പാളിച്ച വ്യക്തമായതെന്നും മുസ്ലീം സംഘടന നേതാക്കളോട് സംസാരിച്ചപ്പോള്‍ ലീഗ് നിലപാടിലെ പോരായ്മ അവര്‍ ചൂണ്ടിക്കാണിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പ്രസംഗത്തിനിടെ പറഞ്ഞു.
പിന്നീട് നടന്ന ചര്‍ച്ചയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, ഖുറം അനീസ്, നവാസ് ഗനി, അബ്ദുസമദ് സമദാനി തുടങ്ങിയ നേതാക്കള്‍ വിധിയെക്കുറിച്ചുള്ള വിശദമായ കാര്യങ്ങള്‍ യോഗത്തെ ധരിപ്പിച്ചു. തുടര്‍ന്നാണ് മുന്‍ നിലപാടില്‍ നിന്ന് മാറിയുള്ള പുതിയ നിലപാട് ലീഗ് നേത്യത്വം സ്വീകരിച്ചത്.