ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന നിർമ്മാണ പ്രവർത്തികൾ നവംബർ 15നകം പൂർത്തിയാക്കാൻ നിർദ്ദേശം. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ജില്ലാ കളക്ടർ പി.ബി നൂഹാണ് നിർദ്ദേശം നൽകിയത്. ശബരിമല ഡ്യൂട്ടിയ്ക്കായി ചുമതലപ്പെടുത്തിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസവും പരിശീലനവും പൂർത്തിയായി.
റോഡ്, ജലവിതരണം, ശൗചാലയം എന്നിവയുടെ നിർമ്മാണ പ്രവർത്തികളാണ് ഈ മാസം 15 ന് മുൻപ് പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിരിക്കുന്നത്. മാലിന്യ പ്രശ്നം പരിഹരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ശബരിമല സുരക്ഷയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ 2800 പോലീസുകാരെ നിയോഗിക്കും. പത്തനംതിട്ട ജനറൽ ആശു പതിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ശബരിമല വാർഡ് തുറക്കും. നിലയ്ക്കൽ പമ്പ പാതയിൽ കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക്ക് ബസ് കൂടാതെ 150 ബസുകൾ കൂടി സർവ്വീസ് നടത്തും