തിരുവനന്തപുരം നഗരസഭയിലെ മേയറെ ഇന്നറിയാം. രാവിലെ 11 മണിക്കാണ് വോട്ടെടുപ്പ് നടക്കുക. മൂന്ന് മുന്നണികളും മത്സര രംഗത്തുണ്ട്. ഇടതുസ്ഥാനാര്‍ത്ഥി കെ ശ്രീകുമാറിനാണ് ജയസാധ്യത.
വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് എം.എല്‍.എ ആയതിനെ തുടര്‍ന്നാണ് പുതിയ മേയര്‍ തെരഞ്ഞെടുപ്പ്. മൂന്ന് മുന്നണികളും മേയര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.
നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ചാക്ക വാര്‍ഡ് കൌണ്‍സിലറുമായ കെ ശ്രീകുമാറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. യു.ഡി.എഫ് നഗരസഭാകക്ഷി നേതാവും പേട്ട കൌണ്‍സിലറുമായ ഡി അനില്‍കുമാറാണ് യുഡിഎഫിനെ പ്രതിനിധീകരിക്കുക. നേമം കൌണ്‍സിലര്‍ എം.ആര് ഗോപനാണ് ബിജെപിക്കായി മത്സരിക്കുന്നത്. എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും വോട്ടുകള്‍ ലഭിക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷ.