India National

ശിവസേനയ്ക്ക് മറ്റ് വഴികളില്ല; ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് അത്തേവാലെ

മുംബൈ: ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയല്ലാതെ മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് മുന്‍പില്‍ ഇനി മറ്റ് വഴികള്‍ ഇല്ലെന്ന് ആര്‍പിഐ അധ്യക്ഷന്‍ രാംദാസ് അത്തേവാലേ. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശിവസേനയുടെ നിര്‍ദ്ദേശം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തള്ളിയ പിന്നാലെയായിരുന്നു അത്താവാലെയുടെ പ്രതികരണം.

56 എംഎല്‍എമാരുമായി എങ്ങനെ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും. മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിനാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും അത്തേവാലെ പറഞ്ഞു. ഇനിയും ശിവസേന സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറായില്ലേങ്കില്‍ ബിജെപി തനിച്ച്‌ അതിനുള്ള വഴികള്‍ തേടുമെന്നും അത്തേവാലെ പറഞ്ഞു.

ഇന്ന് രാവിലെയാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ശിവസേനയുടെ ആവശ്യം തള്ളി രംഗത്തെത്തിയത്. കാവല്‍ സര്‍ക്കാരിന്‍റെ കാലാവധി തീരാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കേ സര്‍ക്കാര്‍ രൂപീകരണമെന്ന ആവശ്യവുമായി ശിവസേന നേതാവ് ശരദ് പവാറിന്‍റെ വസതിയില്‍ എത്തി ഇന്നും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പവാറിന്‍റെ പ്രതികരണം.

എന്‍സിപിയും സാധ്യത തള്ളിയതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് സേന.മുഖ്യമന്ത്രി കസേര നല്‍കാതെ വിട്ട് വീഴ്ച ചെയ്യില്ലെന്ന നിലപാടില്‍ നിന്ന് ശിവസേന പിന്നോട്ട് പോകുമോയെന്നതാണ് ഇനി ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിയായി ആദിത്യ താക്കറെയെ ഉയര്‍ത്തിക്കാട്ടിയായിരുന്നു മഹാരാഷ്ട്രയില്‍ ശിവസേന തിരഞ്ഞെടുപ്പ് പ്രചരണം നയിച്ചത്. ബിജെപിക്ക് കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടാന്‍ സാധിക്കാതിരുന്നതോടെയാണ് മുഖ്യമന്ത്രി പദത്തിനായി ശിവസേന നിലപാട് കടുപ്പിച്ചത്.