ഇടുക്കിയിലെ എട്ട് വില്ലേജുകളില്‍ കെട്ടിട നിര്‍മാണത്തിനുള്ള നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. നിയന്ത്രണമേർപ്പെടുത്തി ഇറക്കിയ ഭൂപതിവ് ചട്ട ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് റവന്യൂമന്ത്രി വിശദീകരിച്ചു.
ഇടുക്കിയിലെ 8 വില്ലേജുകളിൽ കെട്ടിടനിർമ്മാണത്തിന് നിയന്ത്രണമേർപ്പെടുത്തി കൊണ്ടുവന്ന ഉത്തരവ് സാധാരണ ജനങ്ങളുടെ ഉപജീവനത്തെ ബാധിച്ചെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പി.ജെ ജോസഫ് ആരോപിച്ചു. 13 ജില്ലകളിൽ ഇല്ലാത്ത നിയന്ത്രണം ഇടുക്കിക്കാർക്ക് ഉണ്ടെന്ന് ജോസഫ് പറഞ്ഞു . പ്രതിപക്ഷ ആവശ്വത്തെ പിന്തുണച്ച സി.പി.എം എം.എല്‍.എ എസ്. രാജേന്ദ്രൻ വിഷയം ചർച്ചചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. ഭൂപതിവ് ചട്ടം ഭേദഗതി കൊണ്ടു വരുമെന്ന് സർക്കാർ വാഗ്ദാനം വേഗത്തിലാക്കണമെന്ന് സി.പി.ഐ എം.എൽ.എ ഇ.എസ് ബിജി മോളും ആവശ്യപ്പെട്ടു. ഉത്തരവിറക്കേണ്ടി വന്ന സാഹചര്യം വിശദീകരിക്കുകയാണ് റവന്യൂ മന്ത്രി ചെയ്തത്.
സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷനേതാവ് കൂടി ആവശ്യപ്പെട്ടതോടെയാണ് മുഖ്യമന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കിയത്. മൂന്നാറിനെ സംരക്ഷിച്ചുകൊണ്ട് തന്നെ ഇടുക്കിയിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ക്കുറിച്ച് ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിക്കാൻ സമ്മതിച്ച സാഹചര്യത്തിൽ നിലവിലെ ഉത്തരവ് മരവിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.