‘കോപ്പി അടിച്ചെങ്കില്‍ അത് തന്റെ കഴിവെന്ന്’ പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതി നസീം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോക്ക് താഴെയുള്ള കമന്റിലാണ് പ്രതി നസീം ഇങ്ങനെ പ്രതികരിച്ചത്. യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസിലും പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതോടെയാണ് നസീമും ശിവരഞ്ജിത്തും സ്വാഭാവിക ജാമ്യത്തില്‍ ജയില്‍ മോചിതരായത്. ജയിലിലേക്ക് കഞ്ചാവ് കടത്തുകയും ഉപയോഗിക്കുകയും ചെയ്‌തെന്ന കേസിലും നസീമിന് ജാമ്യം ലഭിച്ചിരുന്നു.
ഫേസ്ബുക്കില്‍ പുതുതായി ചേര്‍ത്ത പ്രൊഫൈല്‍ ഫോട്ടോക്ക് താഴെയുള്ള കമന്റിലാണ് നസീം പരീക്ഷാ തട്ടിപ്പിലെ തന്റെ സാമര്‍ത്ഥ്യം പുറത്തുപറഞ്ഞത്. ‘തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഞാന്‍ തീരുമാനിച്ച നിമിഷമായിരുന്നു. ഞാന്‍ ആദ്യമായി വിജയിച്ചത്’ എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെ ‘കോപ്പിയടിക്കുന്നതിനാല്‍ എങ്ങിനെ തോല്‍ക്കുമെന്നുള്ള’ കമന്റിനുള്ള മറുപടിയായാണ് ‘കോപ്പി അടിച്ചെങ്കില്‍ അത് തന്റെ കഴിവെന്ന്’ നസീം എഴുതിയത്. നേരത്തെ പൊലീസ് ചോദ്യം ചെയ്യലിലും പ്രതികള്‍ കോപ്പിയടിച്ച കാര്യം സമ്മതിച്ചിരുന്നു. പ്രണവും നസീമും ശിവരഞ്ജിത്തും മൊബൈല്‍ ഫോണുമായാണ് പരീക്ഷ എഴുതാൻ ഹാളിലെത്തിയതെന്നും മൊബൈല്‍ വഴിയല്ലാതെയും ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് സംശയമുണ്ടെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
അതേസമയം പരീക്ഷാ തട്ടിപ്പ് കേസിലെ മറ്റ് പ്രതികളായ ഗോകുല്‍, സഫീര്‍, പ്രണവ് എന്നിവര്‍ ഇപ്പോഴും ജയിലിലാണ്. ഓഗസ്റ്റ് 8 നാണ് ശിവരഞ്ജിത്ത്, നസീം എന്നിവര്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ പരീക്ഷാ ക്രമക്കേടില്‍ പൊലീസ് കെസേടുത്തത്.