കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മേളയുടെ സംഘാടകരായ മൂന്ന് കായിക അധ്യാപകരെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരെയും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
കുറ്റകരമായ അനാസ്ഥയെ തുടര്‍ന്ന് ഉണ്ടായ മരണത്തിന് ചുമത്തുന്ന ഐപിസി 304 എ വകുപ്പ് ചുമത്തിയാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. മേളയുടെ പ്രധാന റഫറിയായ മുഹമ്മദ് കാസിം, ഹാമര്‍ത്രോ റഫറിയായ മാര്ട്ടിന്,ഗ്രൌണ്ട് റഫറിയായ ജോസഫ് സേവി എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും സ്റ്റേഷന് ജാമ്യത്തില്‍ മൂന്ന് പേരെയും വിട്ടയച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.
നേരത്തെ അറസ്റ്റ് വൈകുന്നതിനെതിരെ അഫീലിന്റെ മാതാപിതാക്കള്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഡിജിപിക്കും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
കഴിഞ്ഞമാസം നാലാം തിയതിയാണ് സംസ്ഥാന ജൂനിയര്‍ അതലറ്റിക്ക് മീറ്റിനിടെ വോളണ്ടിയറായ അഫീലിന്റെ തലയില്‍ ഹാമര്‍ വീണത്. ഗുരുതരമായി പരിക്കേറ്റ അഫീല്‍ രണ്ടാഴ്ചയ്ക്ക് ശേഷം 21ാം മരണത്തിന് കീഴടങ്ങുകയായിരുന്നു. ജാവലിന്‍ ഹാമര്‍ മത്സരങ്ങള്‍ ഒരേ ദിശയില്‍ സംഘടിപ്പിച്ചതാണ് അപകടകാരണമെന്ന് കായിക വകുപ്പ് നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.