മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. യു.എ.പി.എ ചുമത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത നടപടി പൊലീസ് അതിക്രമമാണെന്ന് പ്രതിഭാഗം വാദിച്ചു. യു.എ.പി.എ ചുമത്തിയ റിപ്പോർട്ടാണ് പ്രോസിക്യൂഷൻ കോടതിയിൽ നൽകിയത്. എന്നാൽ പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തില്ല.
പന്തീരങ്കാവിൽ നിന്ന് രണ്ട് യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത നടപടി പൊലീസിന്റെ അതിക്രമത്തിന് ഉദാഹരണമാണെന്നും വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാകുമെന്നും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളിൽ നിന്ന് ഒന്നും പിടിച്ചെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ യു.എ.പി.എ വകുപ്പ് ചുമത്തിയത് പുനപരിശോധിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ എം.കെ ദിനേശൻ കോടതിയിൽ പറഞ്ഞു. യു.എ.പി.എ ചുമത്തുന്നത് സർക്കാർ നയമല്ലെന്നും പിൻവലിക്കണമെന്നും പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു.
പ്രതിഭാഗത്തിന്റെ വാദങ്ങളെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തില്ല. ഇക്കാര്യം പരിശോധിക്കാൻ സമയം വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. യു.എ.പി.എ പിൻവലിക്കണമെന്ന് സി.പി.എം നേതൃത്വം ഉൾപ്പെടെ ആവശ്യപ്പെടുമ്പോഴും പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന റിപ്പോർട്ട് തന്നെയാണ് പ്രോസിക്യൂഷൻ കോടതിയിൽ നൽകിയത്. കേസിൽ ഇനിയും പ്രതിയുണ്ടെന്നും കസ്റ്റഡിയിലെടുത്തപ്പോൾ താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചെന്നും റിപ്പോർട്ടിലുണ്ട്.