മൊബൈൽ സേവനദാതാക്കളായ എയർടെല്ലിനും വോഡഫോണിനും സാമ്പത്തിക ഇളവ് നൽകുന്നതിനെതിരെ മുകേഷ് അംബാനിയുടെ ജിയോ രംഗത്ത്. കുടിശ്ശികയുള്ള 49,990 കോടി രൂപ എത്രയും വേഗം സർക്കാരിലേക്ക് അടക്കണമെന്ന സുപ്രീംകോടതി നിർദേശത്തിനു പിന്നാലെ, എയർടെല്ലിനും വോഡഫോണിനും ആശ്വാസമാകുന്ന വിധത്തിൽ കുടിശ്ശിക കുറക്കാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കുടിശ്ശിക വീട്ടാനാവശ്യമായ വസ്തുവകകൾ ഇരുകമ്പനികളുടെയും കൈവശമുണ്ടെന്നും ഇളവ് നൽകരുതെന്നും കാണിച്ച് ജിയോ ടെലികോം മന്ത്രിക്ക് കത്തയക്കുകയായിരുന്നു.
സ്പെക്ട്രം യൂസേജ് ലെവി, യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഇനങ്ങളിലാണ് ഭീമമായ സംഖ്യ എയർടെല്ലും ഐഡിയയും സർക്കാറിലേക്ക് അടക്കാനുള്ളത്. ജിയോയുടെ കടന്നുവരവിനെ തുടർന്ന് ഇന്ത്യൻ ടെലികോം മേഖലയിലുണ്ടായ പ്രതിസന്ധിയാണ് കോടീശ്വരൻ സുനില്‍ മിത്തലിന്റെ ഉടമസ്ഥതയിലുള്ള ഭാരതി എയർടെലിനെയും കുമാരമംഗലം ബിർളയുടെ വോഡഫോൺ ഐഡിയയെയും തളർത്തിയത്. വോഡഫോൺ ഐഡിയ തുടർച്ചയായി 11 പാദങ്ങളിൽ നഷ്ടത്തിലോടുമ്പോൾ എയർടെൽ ഇക്കഴിഞ്ഞ ജൂണിൽ ആദ്യമായി നഷ്ടം രേഖപ്പെടുത്തി.
ടെലികോം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് എയര്‍ടെല്ലിന്റെയും ഐഡിയയുടെയും കുടിശ്ശികയില്‍ ഇളവു നല്‍കണമെന്ന് സെല്ലുലാര്‍ ഓപറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (സി.ഒ.എ.ഐ) സര്‍ക്കാറിന് കത്തയച്ചിരുന്നു. ഇതിനെതിരെയാണ് ജിയോ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.
എയർടെല്ലിന്റെ 15 മുതൽ 20 ശതമാനം വരെ വസ്തുവകകളും ഓഹരിയും വിറ്റാൽ തന്നെ 40,000 കോടി സമാഹരിക്കാൻ കഴിയുമെന്നും വോഡഫോൺ ഐഡിയക്കും വിഭവത്തിന് കുറവൊന്നുമില്ലെന്നും റിലയൻസ് ജിയോ റെഗുലേറ്ററി അതോറിറ്റി പ്രസിഡണ്ട് കപൂർ സിംഗ് ഗുലിയാനി കേന്ദ്രമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി. മൊബൈൽ ടവർ ഇൻഡസ് ടവേഴ്സിൽ ഇരുകമ്പനികൾക്കും ഭീമമായ ഓഹരിയുണ്ട്. ഇന്ത്യയിലുടനീളം എയർടെല്ലിനു മാത്രം 1,63,000 മൊബൈൽഫോൺ ടവറുകളുണ്ട്. – കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ 14 വര്‍ഷമായി അടക്കാത്ത നിയമപരമായ കുടിശ്ശിക ഈടാക്കണമെന്ന സുപ്രീം കോടതിയുടെ സമീപ കാല വിധി ലംഘിക്കുന്ന തരത്തില്‍ ഒരു മോശം മാതൃകയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും കത്തില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ മാസം അവസാനമാണ് ഇരു കമ്പനികളും 49,990 കോടി രൂപ പിഴയിനത്തില്‍ സര്‍ക്കാരിലേക്ക് അടക്കണമെന്ന് കാണിച്ച് സുപ്രീം കേടതി ഉത്തരവിട്ടത്. മൂന്നുമാസത്തിനുള്ളില്‍ കുടിശ്ശിക ഒടുക്കണമെന്നാണ് ഉത്തരവ്.