India National

മഹാരാഷ്ട്ര അധികാര തര്‍ക്കം; വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി മന്ത്രി

മഹാരാഷ്ട്രയില്‍ ബി.ജെ.പി – ശിവസേന അധികാര വടംവലി തുടരുകയാണ്. ആരും വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതോടെ തര്‍ക്കം പലതലങ്ങള്‍ കഴിഞ്ഞു. ഇപ്പോഴത് പരസ്പരം പോര്‍വിളികളിലേക്ക് വരെ എത്തി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹകരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്നാണ് ബി.ജെ.പിയുടെ ഭീഷണി. രാഷ്ട്രപതി എന്താ ബി.ജെ.പിയുടെ പോക്കറ്റിലാണോയെന്നാണ് ശിവസേന ഇതിന് മറുപടി നല്‍കിയത്. സംസ്ഥാനത്ത് 170 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ശിവസേന അവകാശപ്പെട്ടു. ഏറ്റവുമൊടുവിലിതാ, ഒന്നും നടന്നില്ലെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നാണ് ബി.ജെ.പിയുടെ മുന്നറിയിപ്പ്. ബി.ജെ.പി മന്ത്രി ജയ് കുമാര്‍ റാവലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നത്.

ശിവസേനയുടെ സഖ്യകക്ഷിയോടുള്ള പെരുമാറ്റം കാരണം ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും രോഷാകുലരാണെന്നും വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും ബി.ജെ.പി മന്ത്രി ജയ് കുമാർ റാവൽ പറഞ്ഞു. വീണ്ടും തെരഞ്ഞെടുപ്പ് നടന്നാൽ സുനിശ്ചിത വിജയമുണ്ടാകുമെന്നും റാവല്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുടെ പ്രവർത്തനങ്ങളിൽ മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിവസേന ഇപ്പോൾ തങ്ങളെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങിയെന്നും ബി.ജെ.പി പ്രവർത്തകർ രോഷത്തിലാണെന്നും മന്ത്രി പറഞ്ഞു. ഇതാണ് അവസ്ഥയെങ്കില്‍, തങ്ങൾ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണ്. പ്രധാനമന്ത്രി മോദി, അമിത് ഷാ, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുടെ പ്രവർത്തനത്തില്‍ പൊതുജനത്തിന് വിശ്വാസമുണ്ട്. മഹാരാഷ്ട്രയിലുടനീളം ഇതേ വികാരമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനം 2.5 വർഷം വീതം പങ്കിടണമെന്ന ശിവസേനയുടെ ആവർത്തിച്ചുള്ള ആവശ്യത്തെ തുടർന്നാണ് റാവലിന്റെ പരാമർശം. ഇതിനിടെ ജനങ്ങളുടെ നികുതിപ്പണത്തിന് നിങ്ങളൊന്നും ഒരു വിലയും നല്‍കുന്നില്ലേയെന്ന ചോദ്യമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നുവരുന്നത്.