ഇന്ത്യ ബംഗ്ലാദേശ് ട്വന്റി20 പരമ്പരക്ക് നാളെ തുടക്കം. നീണ്ട ഇടവേളക്ക് ശേഷം ടീമില്‍ എത്തിയ മലയാളി താരം സഞ്ജു വി സാംസണ് നാളെ കളത്തിലിറങ്ങുമോ എന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. രൂക്ഷമായ അന്തരീക്ഷ മലിനീകരണം മൂലം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ഡല്‍ഹിയാണ് മത്സരം വേദിയാകുന്നത്.
ട്വന്റി20 ലോകകപ്പിനായുള്ള സംഘത്തെ സജ്ജമാക്കുകയാണ് ടീം അധികൃതര്‍. ബംഗ്ലാദേശിനെതിരായ പരമ്പര അതിനുള്ള പരീക്ഷണങ്ങള്‍ക്ക് വേദിയാവുകയാണ്. അതിനാല്‍തന്നെ സഞ്ജു സാംസണ് ഇന്ത്യക്കായി നാളെ പാഡ്കെട്ടുമെന്ന് ക്രിക്കറ്റ് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നു. വിശ്രമത്തിലുള്ള കോഹ്ലിക്ക് പകരം ടീമില്‍ എത്തിയ സഞ്ജുവിനും പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യക്ക് പകരം എത്തിയ ശിവം ദുബേയ്ക്കും കഴിവ് തെളിയിക്കാനായാല്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാം. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ യുവ നിരയ്ക്കാണ് പ്രാമുഖ്യം. ഷറദുല് ഠാക്കൂര്‍, ദീപക് ചഹാര്‍, ഖലീല്‍ അഹമ്മദ് മുതലായവരാണ് ബൌളിങ് നിരയില്‍. വിലക്കിനെ തുടര്‍ന്ന് നായകന് ഷക്കീബ് അല്‍ ഹസനും പരിക്കേറ്റതിനാല്‍ തമിം ഇഖ്ബാലും ഇല്ലാതെയാണ് ബംഗ്ലാദേശ് എത്തുന്നത്. മഹ്മൂദുല്ല നയിക്കുന്ന ടീമില്‍ നിരവധി യുവ താരങ്ങളുമുണ്ട്.