ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവതാരങ്ങളെ മെരുക്കാന്‍ തന്റെ ഓപ്പണിങ് പങ്കാളിയായിരുന്ന സച്ചിന്റെ സഹായം സൗരവ് ഗാംഗുലി തേടിയതായി റിപ്പോര്‍ട്ട്. ബി.സി.സി.ഐ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് തന്നെ വ്യക്തമായ പദ്ധതി ഗാംഗുലി തയ്യാറാക്കിയിരുന്നു. ഇത് ഓരോന്നോരോന്നായി നടപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഗാംഗുലി. യുവതാരങ്ങളെ മെരുക്കി അവരെ ചാമ്പ്യന്‍ താരങ്ങളായി വളര്‍ത്തിയെടുക്കാനുള്ള ദൌത്യമായിരിക്കും സച്ചിനെ ഗാംഗുലി ഏല്‍പ്പിക്കുക.
ഗാംഗുലിയുടെ പദ്ധതികള്‍ പ്രകാരം എല്ലാം മുന്നോട്ടുപോയാല്‍ ശുബ്മാൻ ഗിൽ, റിഷഭ് പന്ത്, പൃഥ്വി ഷാ തുടങ്ങിതാരങ്ങള്‍ സച്ചിന്റെ ശിഷ്യന്‍മാരാകുന്നത് കാണാന്‍ കഴിയുമെന്നാണ് ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കേളീമികവ് വളര്‍ത്തിയെടുക്കുന്നതിന് പുറമെ കളിക്കിടെ ഉയര്‍ന്നു വരുന്ന സമ്മര്‍ദത്തെ അതിജീവിക്കുന്നതിലും യുവതാരങ്ങള്‍ മികവ് ആര്‍ജ്ജിക്കും. യുവതാരങ്ങളോട് അനുഭവസമ്പത്ത് വിവരിക്കാന്‍ 24 വർഷം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച മനുഷ്യനേക്കാൾ മികച്ചത് ആരാണെന്നും ഗാംഗുലി ചോദിച്ചതായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി മനസിൽ വച്ചുകൊണ്ടാണ് ഗാംഗുലിയുടെ ഓരോ ചുവടുകളും. സച്ചിനെ ഇത്തരമൊരു പദ്ധതിയിലേക്ക് കൊണ്ടുവരുമ്പോള്‍ അവിടെ ഭിന്നതാത്പര്യം വിഷയമാവരുത് എന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. ബി.സി.സി.ഐ മേധാവിയായി ചുമതലയേറ്റ ശേഷം ഭാവി താരങ്ങളെ സഹായിക്കാൻ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ സേവനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഗാംഗുലി വ്യക്തമാക്കിയിരുന്നു.