സ്പാനിഷ് സൂപ്പര്‍ ക്ലബ് ബാഴ്സലോണയിലേക്ക് ഇക്കുറിയെത്തിയ അന്റോയിന്‍ ഗ്രീസ്മെന് അവഗണന നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസിയടക്കമുള്ളവര്‍ ഗ്രീസ്മെനോട് താല്പര്യം കാണിക്കുന്നെല്ലെന്ന് ഒട്ടേറെ സ്പാനിഷ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് സീനിയര്‍ താരം ജെറാര്‍ഡ് പിക്വെ രംഗത്തെത്തി
മെസിയും ഗ്രീസ്മെനും തമ്മില്‍ നല്ല ബന്ധത്തില്‍ തന്നെയാണെന്നാണ് പിക്വെ പറയുന്നത്. മെസി, ഓസ്മെന് ഡെംബേലെയുമായും, മുന്‍പുണ്ടായിരുന്ന ഡേവിഡ് വിയ്യ, പെഡ്രോ എന്നിവരുമായി എങ്ങനെയാണോ അങ്ങനെ തന്നെ നല്ല ബന്ധത്തിലാണ് ഗ്രീസ്മെനോടും, സ്പാനിഷ് റേഡിയോയോട് പിക്വെ പറഞ്ഞു. അതേസമയം മെസിയും ലൂയിസ് സുവാരസും തമ്മിലുള്ള ബന്ധം അങ്ങനല്ല, അവര്‍ സഹോദരങ്ങളെപ്പോലെയാണ്. സുവാരസുമായുള്ള തരം അടുപ്പം മെസിക്ക് ഗ്രീസ്മെനോട് ഇല്ല എന്നതിന്റെ അര്‍ഥം അവര്‍ തമ്മില്‍ രസത്തിലല്ല എന്നല്ല, പിക്വെ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസത്തിലെ മത്സരത്തിലടക്കം മെസിയും സുവാരസും ഗ്രീസ്മെന് പന്ത് പാസ് ചെയ്യാന്‍ മടി കാണിച്ചതായി ചില ആരോപണങ്ങളുയര്‍ന്നിരുന്നു. മുന്നേറ്റത്തില്‍ മൂവരും ഒന്നിച്ചുകളിക്കുമ്ബോഴും ഗ്രീസ്മെനെ ഒറ്റപ്പെടുത്തുന്നതായും ആരോപണമുണ്ടായിരുന്നു.