ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ നീതിന്യായ വ്യവസ്ഥ പോലും മന്ദത പാലിക്കുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തകരുടെ സംഘം. കോടതികള്‍ എന്തുകൊണ്ട് അധികാരം വിനിയോഗിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. സംസ്ഥാനത്ത് 70 ശതമാനത്തോളം ജനങ്ങളെ വിഷാദരോഗം ബാധിച്ചതായും സാമൂഹ്യപ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ പുറത്ത് വിട്ട വസ്തുതാ റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മു കശ്മീരിൽ സുരക്ഷ നിയന്ത്രണങ്ങള്‍ കൊണ്ട് വന്ന ആഗസ്റ്റ് 5 മുതൽ സെപ്തംബര്‍ 30 വരെയുളള കാലയളവില്‍ 330 ഹേബിസ് കോര്‍പ്പസ് ഹരജികളാണ് ഫയല്‍ ചെയ്തിട്ടുള്ളത്.
പക്ഷെ ഇവയിലൊന്നും കാര്യക്ഷമമായ ഇടപെടല്‍ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് സംസ്ഥാനം സന്ദര്‍ശിച്ച അഭിഭാഷക മിഹിര്‍ ദേശായി പറയുന്നു. അധികാരം ഉണ്ടായിട്ടും ഉപയോഗിക്കാത്ത കോടതി സമീപനം അത്ഭുതപ്പെടുത്തുന്നതായും മിഹിര്‍ കൂട്ടിച്ചേര്‍ത്തു. ലജ്ജാകരമായ അധികാര ദുര്‍വിനിയോഗവും മാനസികമായും ശാരീരികമായും ഏറ്റ ആക്രമണങ്ങളും 70 ശതമാനം കശ്മീരികളെയും വിഷാദ രോഗത്തിലേക്ക് തള്ളിയിട്ടതായി റിപ്പോര്‍ട്ട് പറയുന്നു.
ഇതില്‍ നിന്നും മുകത്മാകാന്‍ വര്ഷങ്ങളെടുത്തേക്കാമെന്നാണ് വിലയിരുത്തൽ. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഭിഭാഷകര്‍, തൊഴിലാളി സംഘടന പ്രതിധികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാനസികാരോഗ്യ വിദഗ്ധര്‍ എന്നിവരടക്കം 11 അംഗ സംഘമാണ് സെപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ നാല് വരെ ജമ്മുകശ്മീരിലെ എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.