Football Sports

മെസി ഡബിളടിച്ചു; ബാഴ്സക്ക് വമ്പന്‍ ജയം

ലാ ലിഗയിൽ സൂപ്പര്‍താരം ലയണല്‍ മെസിയുടെ കരുത്തില്‍ വിജയഭേരി മുഴക്കി ബാഴ്സലോണ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്സ, റയൽ വയ്യദോലിഡിനെ പരാജയപ്പെടുത്തിയത്. ഗോളടിക്കുന്നതിലും ഗോള്‍ അടിപ്പിക്കുന്നതിലും തന്റെ മാജിക് പുറത്തെടുത്ത മെസി, ബാഴ്സക്ക് മിന്നുന്ന ജയം നേടിക്കൊടുക്കുകയായിരുന്നു.

ടീമിന് വേണ്ടി ഇരട്ട ഗോളുകൾ നേടുകയും രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു മെസി. മെസിക്കും സുവരസിനും വിദാലിനും പുറമെ ക്ലെമന്റ് ലെന്‍ഗ്ലെറ്റും എതിരാളികളുടെ വല കുലുക്കി. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ബാഴ്സ ആധിപത്യം നേടി. ലെന്‍ഗ്ലെറ്റിലൂടെയായിരുന്നു ബാഴ്സയുടെ ഓപ്പണിങ് ഗോള്‍. വയ്യദോലിഡിന്റെ ഗോള്‍മുഖത്തെത്തിയ പന്ത് മടക്കുന്നതില്‍ പ്രതിരോധനിര പരാജയപ്പെട്ടിടത്ത് ഞൊടിയിടയില്‍ ലെന്‍ഗ്ലെറ്റ് വല കുലുക്കുകയായിരുന്നു. ക്രോസ് ബാറിലിടിച്ച് വലയിലേക്ക് പറന്നിറങ്ങിയ പന്തിനെ നോക്കി നില്‍ക്കാനെ ഗോള്‍കീപ്പര്‍ക്കായുള്ളു. എന്നാല്‍ 14 ാം മിനിറ്റിലെത്തി കഥയിലെ ട്വിസ്റ്റ്. വയ്യദോലിഡ് ഗോള്‍ മടക്കി സമനില പിടിച്ചു. പെനാല്‍റ്റി ഏരിയയില്‍ നിന്ന് തൊടുത്ത ഫ്രീ കിക്ക് തട്ടിയകറ്റുന്നതില്‍ ബാഴ്സ ഗോള്‍കീപ്പര്‍ക്ക് പിഴച്ചു. പ്രതിരോധിച്ച പന്ത് നേരെ കികോയുടെ ബൂട്ടിലേക്ക്. നിസാരമായി പന്ത് വലയിലേക്ക് കികോ തട്ടിയിട്ടു.

പിന്നീടാണ് മെസി അവതരിച്ചത്. 29 ാം മിനിറ്റില്‍ വിദാലിനൊപ്പം മെസിയുടെ മുന്നേറ്റം. മെസിയുടെ ഒരു കിടിലന്‍ പാസിലൂടെ പന്ത് വിദാലിലേക്ക്. കാല്‍ വായുവിലുയര്‍ത്തി പന്തില്‍ വിദാലിന്റെ തൂവല്‍ സ്പര്‍ശം പോലുള്ള ഒരു ഷോട്ട്. പന്ത് വലയില്‍. ഇതിന് ശേഷം മെസിയുടെ ഊഴം. 34 ാം മിനിറ്റില്‍ മെസിയുടെ മഴവില്‍ ഫ്രീ കിക്ക്. പ്രതിരോധത്തേയും ഗോള്‍കീപ്പറെയും നോക്കുകുത്തിയാക്കി പന്ത് വലയുടെ ഇടതുമൂലയിലേക്ക് പറന്നിറങ്ങി. 69 ാം മിനിറ്റില്‍ സുവാരസിന്റെ അമിതാവേശം ഒരു ഗോളവസരം നഷ്ടപ്പെടുത്തി. പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. പക്ഷേ 75 ാം മിനിറ്റില്‍ മെസിയില്‍ നിന്നുമെത്തി രണ്ടാം ഗോള്‍. അതും ഒരു ക്ലാസിക് ഗോള്‍. രണ്ടു മിനിറ്റിന്റെ ഇടവേളയില്‍ സുവരസില്‍ നിന്ന് ബാഴ്സയുടെ അവസാന ഗോളെത്തി. മെസിയുടെ കൃത്യമായ ഒരു പാസില്‍ നിന്ന് സുവാരസ് വലയിലേക്ക് നിറയൊഴിച്ചു.