India Kerala

വാളയാർ കേസിൽ മുഖം രക്ഷിക്കാൻ സർക്കാർ ശ്രമം; ഉടന്‍ അപ്പീല്‍ നല്‍കും

വാളയാർ കേസിൽ മുഖം രക്ഷിക്കാൻ സർക്കാർ ശ്രമം. ഉടൻ അപ്പീൽ നൽകാനും പുനരന്വേഷണത്തിന്റെ സാധ്യതകൾ തേടാനും സർക്കാർ തീരുമാനിച്ചു. കേസ് അട്ടിമറിച്ചതിനെതിരെ പ്രതിഷേധം തുടരുകയാണ്.

വാളയാർ കേസിൽ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്നാണ് സർക്കാർ വിലയിരുത്തൽ. പ്രതിഷേധം കനത്തതോടെ സർക്കാർ പ്രതിസന്ധിയിലായി. പ്രതിഷേധം കണക്കിലെടുത്ത് ആരോപണ വിധേയരായ സി.ഡബ്ള്യൂ.സി ചെയർമാനെ സർക്കാർ തൽസ്ഥാനത്ത് നിന്നും മാറ്റി. പുനരന്വേഷണം ഉൾപ്പെടെ എന്ത് കാര്യത്തിനും സർക്കാർ തയ്യാറാണ്. പെൺകുട്ടികൾ ക്രൂരമായി പിഡിപ്പിക്കപ്പെട്ട കേസിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി എടുക്കാനാണ് സാധ്യത. കർശന നടപടിയിലൂടെ പ്രതിച്ഛായ തിരിച്ച് പിടിക്കാനാണ് സർക്കാർ ശ്രമം.

സി.പി.എം നേതാക്കൾക്ക് പ്രതികളുമായി ബന്ധം ഉണ്ട് എന്ന ആരോപണം പാർട്ടി നേതൃത്വം തള്ളിയിരുന്നു. എന്നാൽ പ്രധാന നേതാക്കളെന്നും മരിച്ച പെൺകുട്ടികളുടെ വീട് സന്ദർശിക്കാൻ തയ്യാറായിട്ടില്ല. പ്രതികളെ വെറുതെ വിട്ടത് സർക്കാറിനെതിരെ പ്രതിപക്ഷം ആയുധമാക്കി കഴിഞ്ഞു. നിയമസഭയിലും പുറത്തും സമരങ്ങൾ തുടരും. യൂത്ത് ലീഗ് പ്രവർത്തകർ എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തും. ബി.ജെ.പിയുടെ നൂറു മണിക്കൂർ സമരം അട്ടപ്പളത്ത് പുരോഗമിക്കുകയാണ്.