പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികൾക്കായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ നടപടി. തിരുവനന്തപുരം ഡി.സി.പിയുടെ അധികചുമതലയിൽ നിന്നും ചൈത്രയെ നീക്കി. അവധിയിലായിരുന്ന ആർ ആദിത്യ ഐ.പി.എസിനെ തിരികെ വിളിച്ചാണ് തെരേസ ജോണിനെ വുമൺ സെൽ എസ്.പി സ്ഥാനത്തേക്കു മാറ്റിയത്.
പീഡനക്കേസിലെ പ്രതികളെ കാണാൻ അനുവദിച്ചില്ലെന്നാരോപിച്ചു ഡി.വൈ.എഫ്.ഐ പ്രവർത്തകർ രണ്ടു ദിവസം മുമ്പ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും പ്രമുഖ നേതാക്കളാണ് കേസിൽ ഉൾപെട്ടിരിക്കുന്നതെന്നു പൊലീസ് തിരിച്ചറിഞ്ഞു. പ്രതികൾ സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിൽ ഒളിച്ചിരിപ്പുണ്ടെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈത്ര തെരേസ ജോൺ സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിനുള്ളിൽ കയറി റെയ്ഡ് നടത്തിയത്.
ഇതിനെ തുടർന്ന് സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്കു പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഡി.സി.പിയെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ഡി.സി.പി ചൈത്ര തെരേസ ജോണിനെ വിമൻ സെൽ എസ്.പി സ്ഥാനത്തേക്കു മടക്കി. അവധിയിലായിരുന്ന ആർ ആദിത്യ ഐ.പി.എസിനെ തിരികെ വിളിച്ചാണ് ചൈത്ര തെരേസ ജോണിനെതിരെ നടപടി സ്വീകരിച്ചത്. നേരത്തെ എസ്.ബി.ഐ ആക്രമണ കേസിലെ പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചതിനു ചൈത്ര തെരേസ ജോണിനെതിരെ നീക്കം തുടങ്ങിയിരുന്നു. എൻ.ജി.ഒ യൂണിയൻ ചൈത്ര തെരേസ ജോണിനെതിരെ സി.പി.എമ്മിന് പരാതിയും നൽകിയിരുന്നു.