പ്രശസ്ത ഫാഷന്‍ മാഗസിനായ വോഗ് പുറത്തു വിട്ട തെന്നിന്ത്യന്‍ ഇതിഹാസങ്ങളുടെ പട്ടികയില്‍ മലയാളത്തില്‍ നിന്ന് മമ്മൂട്ടിയും ശോഭനയും ഇടം നേടി. സൗത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഐക്കണ്‍സ് എന്ന തലക്കെട്ടാണ് വോഗ് ഈ പട്ടികക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ പട്ടികയില്‍ മോഹന്‍ലാലിന്റെ പേരില്ലാത്തത് അദ്ദേഹത്തിന്‍റെ ആരാധകരെ നിരാശരാക്കി.
1971ല്‍ പുറത്തെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒരിക്കല്‍ പോലും അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തന്റെ അഭിനയ ജീവിതത്തില്‍ നിരവധി അവിസ്മരണീയ കഥാപാത്രങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. നിരവധി ഇതര ഭാഷാ ചിത്രങ്ങളും ചെയ്തു. ഇപ്പോള്‍ അദ്ദേഹം സിനിമാ ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തെ ആദരിച്ചിരിക്കുകയാണ് അന്താരാഷ്ട്ര ഫാഷന്‍, ലൈഫ്‌സ്‌റ്റൈല്‍ മാസികയായ വോഗിന്റെ ഇന്ത്യന്‍ പതിപ്പ്. ന്യൂ ഡല്‍ഹി, ഒരു വടക്കന്‍ വീരഗാഥ, സേതുരാമയ്യര്‍ സീരീസ് തുടങ്ങിയ സിനിമകളിലൂടെ 1980-90 കാലഘട്ടങ്ങളില്‍ മോളിവുഡ് ഇന്‍ഡസ്ട്രിയെ അടക്കി ഭരിച്ച താരമാണ് മമ്മൂട്ടി എന്നും വോഗ് പറയുന്നു.
മലയാള സിനിമയില്‍ മാത്രമല്ല ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും മികച്ച പ്രകടനം ശോഭന കാഴ്ച വെച്ചിട്ടുണ്ടെന്ന് മാഗസിന്‍ പറയുന്നു. രമ്യാകൃഷ്ണന്‍, വിജയശാന്തി, തമിഴ് നടന്മാരായ രജനീകാന്ത്, കമല്‍ ഹാസന്‍, തെലുങ്ക് നടന്മാരായ ചിരഞ്ജീവി, നാഗാര്‍ജുന തുടങ്ങിയവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.