ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ തിരിച്ചടി നേരിടുന്ന ബി.ജെ.പി ക്യാമ്പ് നിരാശയില്‍. ഫല സൂചനകളില്‍ ബി.ജെ.പി അസ്വസ്ഥരാണെന്നതിന്റെ സൂചനയായി പാർട്ടി സംസ്ഥാന മേധാവി രാജിവെച്ചു.
തെരഞ്ഞെടുപ്പ് ഫലത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബരാല രാജി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ 75 സീറ്റുകളെങ്കിലും ബി.ജെ.പി നേടുമെന്ന് സുഭാഷ് ബരാല പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ തോഹാനയില് നിന്ന് മത്സരിച്ച ബരാലയും വന്‍ തിരിച്ചടിയാണ് നേരിടുന്നത്. ഈ നാണക്കേടും രാജിക്ക് പിന്നിലുണ്ടെന്നാണ് സൂചന. ഹരിയാനയില്‍ നിര്‍ണായക ശക്തിയായി വളര്‍ന്ന ജെ.ജെ.പിയുടെ ദേവീന്ദർ സിങ് ബാബ്ലിക്കെതിരെ 25,000 വോട്ടുകൾക്കാണ് സുഭാഷ് ബരാല പിന്നിട്ടു നില്‍ക്കുന്നത്. 90 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് ബരാലയുടെ രാജി പ്രഖ്യാപനമെത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ ലഭിച്ച ഫല സൂചനകളില്‍ 35 സീറ്റുകളിൽ ബി.ജെ.പിയും 35 സീറ്റിൽ കോൺഗ്രസും 10 സീറ്റുകളിൽ ജെ.ജെ.പിയും മുന്നിട്ടുനില്‍ക്കുകയാണ്.
ഇതോടെ കോൺഗ്രസ് കൂടുതൽ ആത്മവിശ്വാസത്തിലാണ്. ബി.ജെ.പിയുടെ കപട ഭരണം ഹരിയാനയിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നതിന്റെ തെളിവാണ് ഫല സൂചനകളെന്ന് കോൺഗ്രസ് ഹരിയാന യൂണിറ്റ് മേധാവി കുമാരി സെൽജ ട്വീറ്റ് ചെയ്തു. ഇതിനിടെ സഖ്യ സർക്കാർ രൂപീകരിക്കുന്നതിനായി ബി.ജെ.പിയും കോൺഗ്രസും ജെ.ജെ.പിയെ സമീപിക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.