ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത വിജയം യു.ഡി.എഫിന് ഉപതെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനായില്ല. സിറ്റിംഗ് സീറ്റുകളായ വട്ടിയൂർക്കാവും കോന്നിയും വലിയ മാർജിനിൽ തോൽക്കേണ്ടി വന്നത് കോൺഗ്രസിന് കനത്ത ആഘാതമായി. അരൂരിലെ വിജയം മാത്രമാണ് പാർട്ടിക്ക് ആശ്വാസം നൽകുന്നത്. പാർട്ടിക്കകത്ത് നിരവധി പൊട്ടിത്തെറികൾക്ക് കാരണമാകുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റ് നേടിയതിന് ശേഷമാണ് ഈ വലിയ തിരിച്ചടി. 23 വർഷമായി അടൂർ പ്രകാശ് കൈവശം വച്ച കോന്നി നഷ്ടമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തില്‍ ഏറെയായിരുന്നു അടൂര്‍ പ്രകാശിന്‍റെ ഭൂരിപക്ഷം. സ്ഥാനാർഥി നിർണയം സംബന്ധിച്ച് തുടക്കത്തിൽ ഉണ്ടായ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ നേതൃത്വത്തിനായില്ലെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. മണ്ഡല രൂപീകരണം മുതൽ കൂടെ നിന്ന് വട്ടിയൂർക്കാവ് നഷ്ടമായത് 14465 വോട്ടിനാണ്. സ്ഥാനാർഥി നിർണയത്തിൽ അടക്കം നേതൃത്വമെടുത്ത തീരുമാനങ്ങൾക്കെതിരായ വിമർശം പാർട്ടിക്കകത്ത് ഉണ്ടാകാൻ സാധ്യതയുണ്ട്. നേരിയ ഭൂരിപക്ഷത്തിനാണ് എറണാകുളം നിലനിർത്താൻ കഴിഞ്ഞത്.
ഷാനിമോൾ ഉസ്മാനിലൂടെ അരൂർ തിരികെ പിടിക്കാൻ കഴിഞ്ഞത് മാത്രമാണ് കോൺഗ്രസിന് ആശ്വസിക്കാനുള്ള നേട്ടം. പഞ്ചായത്ത് തെരഞ്ഞെടുപ്പിനെയും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനെയും നേരിടാൻ ഒരുങ്ങുന്ന കോൺഗ്രസിനും യു.ഡി.എഫിനും ആശങ്കയോടെ അല്ലാതെ ഈ തെരഞ്ഞെടുപ്പ് ഫലത്തെ കാണാൻ കഴിയില്ല.