Cricket Sports

അഭിഷേക് നായര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 13 വര്‍ഷം നീണ്ട കരിയറിന് തിരശീലയിട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അഭിഷേക് നായര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മുംബൈ ടീമിനും പുതുച്ചേരി ടീമിനുമായാണ് അഭിഷേക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളത്തിലിറങ്ങിയിട്ടുള്ളത്.

മുംബൈയെ രഞ്ജി ട്രോഫി കിരീടങ്ങളിലേക്ക് നയിച്ച താരമാണ് അഭിഷേക് നായര്‍. ഇന്ത്യന്‍ താരങ്ങളായ ദിനേശ് കാർത്തിക്, ശ്രേയസ് അയ്യർ, ഉൻമുക്ത് ചന്ദ് എന്നിവരുടെയൊക്കെ ഉപദേഷ്ടാവ് കൂടിയായിരുന്നു. ഇടം കൈയ്യൻ ബാറ്റ്സ്മാനും സീം ബോളറുമായ അഭിഷേക് 2009 ൽ ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യയ്ക്കായി മൂന്ന് ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ ദേശീയ ടീമില്‍ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. തുടർന്ന് ടീമില്‍ നിന്നു പുറത്താക്കപ്പെട്ടു. നിലവില്‍ കരീബിയൻ പ്രീമിയർ ലീഗിലെ (സി.‌പി‌.എൽ) ട്രിൻ‌ബാഗോ നൈറ്റ് റൈഡേഴ്സിന്റെ സപ്പോർട്ടിംഗ് സ്റ്റാഫാണ് അഭിഷേക്. കഴിഞ്ഞ മാസം തന്റെ തീരുമാനം ബി‌.സി.‌സി.‌ഐയെയും മുംബൈ ക്രിക്കറ്റ് അസോസിയേഷനെയും താരം അറിയിച്ചിരുന്നു.

36 കാരനായ അഭിഷേക് 2005 ലാണ് തന്റെ ആദ്യ രഞ്ജി മത്സരം കളിച്ചത്. മുംബൈക്ക് വേണ്ടി 98 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിക്കുകയും ചെയ്തു. 2017-18 സീസണിലാണ് മുംബൈ അദ്ദേഹത്തെ ഒഴിവാക്കിയത്. പിന്നീട് പുതുച്ചേരിയിലേക്ക് മാറി. അവിടെയാണ് അവസാന നാല് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചത്. തന്റെ ഫസ്റ്റ് ക്ലാസ് കരിയറിൽ 103 മത്സരങ്ങളിൽ നിന്നായി 13 സെഞ്ച്വറികളും 32 അർധസെഞ്ച്വറികളും നേടി. 5749 റൺസാണ് സമ്പാദ്യം. 173 വിക്കറ്റുകളും നേടിയിട്ടുണ്ട്.