നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി ഇന്ന് മോദിയുമായി കൂടിക്കാഴ്ച്ച നടത്തും. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ വിമർശകനായതിന്റെ പേരിൽ, സാമ്പത്തികശാസ്ത്ര നൊബേൽ ലഭിച്ചതിന് പിറകെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും ബി.ജെ.പി നേതാക്കളും അഭിജിത്തിനെതിരെ രംഗത്ത് വന്നതിനിടയിലാണ് മോദിയുമായുള്ള കൂടിക്കാഴ്ച്ച.
എന്നാൽ ഇടത് ചിന്താഗതിയുള്ള സാമ്പത്തിക വിദഗ്ധനാണ് അഭിജിത് എന്നായിരുന്നു നൊബേൽ നേട്ടത്തിന് ശേഷമുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ പ്രതികരണം. അഭിജിത്തിന്റെ ‘ന്യായ് പദ്ധതി’ ഗംഭീരമായ ഒന്നായിരുന്നുവെങ്കിലും രാജ്യത്തെ ജനങ്ങൾ അത് തള്ളിക്കളയുകയാണുണ്ടായതെന്നും ഗോയൽ പറയുകയുണ്ടായി.
പൊതുതെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് മുന്നോട്ട് വെച്ച പദ്ധതിയായിരുന്നു ന്യായ് സ്കീം. രാജ്യത്തെ ദരിദ്ര വിഭാഗത്തിൽ പെടുന്ന
കുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപ നൽകുന്നതായിരുന്നു ന്യായ് പദ്ധതി.
എന്നാൽ സാമ്പത്തിക ചിന്തയിൽ താൻ പക്ഷപാതിത്വം കാണിക്കാറില്ലെന്നായിരുന്നു ഇതിനോടുള്ള അഭിജിത്ത് ബാനർജിയുടെ പ്രതികരണം. സംസ്ഥാനങ്ങളിലെ ഭരണത്തിലിരിക്കുന്നവരുമായി ചേർന്ന് പ്രവർത്തിച്ച അനുഭവമുള്ളയാളാണ് താനെന്ന് പറഞ്ഞ അഭിജിത്ത്, അതിലധികവും ബി.ജെ.പി സർക്കാറുകളായിരുന്നു എന്നും ചൂണ്ടിക്കാട്ടി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദിയുമായി ചേർന്ന് പ്രവർത്തിച്ച അനുഭവവും അഭിജിത്ത് എൻ.ഡി.ടി.വിയുമായി പങ്കുവെച്ചിരുന്നു.