India Kerala

മഴക്ക് നേരിയ ശമനം; റെഡ് അലര്‍ട്ട് പിന്‍വലിച്ചു

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. നാല് ജില്ലകളിലെ റെഡ് അലേർട്ട് പിൻവലിച്ചു. നിലവിൽ ഇടുക്കിയിൽ മാത്രമാണ് ശക്തമായ മഴക്ക് സാധ്യതയുളളത്.

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ അനുഭവപ്പെട്ടത്.ന്യൂനമർദ്ദത്തിന്റെ ഗതി വടക്ക് മഹാരാഷ്ട്ര തീരത്തോട്ട് നീങ്ങിയതോടെ തുലാവർഷത്തിൻറെ ശക്തി കുറഞ്ഞു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ടും പിൻവലിച്ചു. ഇടുക്കിയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് നിലനിർത്തിയിട്ടുണ്ട്.ഒറ്റപ്പെട്ട കനത്ത മഴയുടെ സാധ്യത പരിഗണിച്ച് മലപ്പുറം,കോഴിക്കോട്,വയനാട്,പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രം അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ തമിഴ്നാട്-ആന്ധ്ര തീരത്തോട് ചേർന്ന് വെളളിയാഴ്ചയോടെ മറ്റൊരു ന്യൂനമർദ്ദം രൂപപ്പടുമെന്നാണ് വിലയിരുത്തൽ. ഇത് ശക്തി പ്രാപിച്ച് കരയിലേക്ക് കടന്നാൽ കേരളത്തിൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ട്. തുലാവർഷത്തിൽ സാധാരണയായി ലഭിക്കുന്നതിൽ നിന്നും 38ശതമാനത്തിലധികം മഴ ഇത്തവണ ലഭിച്ചുവെന്നാണ് വിലയിരുത്തൽ.

ഇന്നലെ എറണാകുളം സൌത്തിൽ 20 സെന്‍റീമീറ്റര്റോളം രേഖപ്പെടുത്തിയ അതി തീവ്രമഴയാണ് പെയ്തത്.ആലപ്പുഴ,കുറുവിലങ്ങാട്,പുനലൂർ,കാഞ്ഞിരപ്പളളി,കോന്നി,കോട്ടയം എന്നിവിടങ്ങളിൽ 10 സെന്റിമീറ്ററിലധികവും മഴ ലഭിച്ചു.അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യതയുളളതിനാൽ അടുത്ത രണ്ട് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു.