ഇന്ത്യയുടെ ജനപ്രിയ ഫുട്ബോൾ ടൂർണ്ണമെന്റായി മാറിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസൺ ഉദ്ഘാടന മത്സരത്തിന് കൊഴുപ്പ് കൂട്ടാന്‍ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെത്തുന്നത് വിവിധ മേഖലകളിൽ നിന്നുള്ള വമ്പൻ താര നിര.
ഇരുപതിന് സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് അത്ലറ്റിക്കോ ഡി കൊൽക്കത്തയുമായാണ് പോരിനിറങ്ങുന്നത്. ഹോളിവുഡിലടക്കം വരവറിയിച്ച തെന്നിന്ത്യൻ യുവതാരം ദുൽഖർ സൽമാനാണ് ഉദ്ഘാടന സെറിമണിയുടെ അവതാരകൻ. ബി.സി.സി.ഐ നിയുക്ത അധ്യക്ഷനും കൊൽക്കത്തയുടെ രാജകുമാരനുമായ സൗരവ് ഗാംഗുലിയാണ് ക്രിക്കറ്റ് മേഖലയിൽ നിന്നുള്ള മുഖ്യാതിഥി. ബോളിവുഡ് സൂപ്പർ താരങ്ങളായ ടൈഗർ ഷറഫും ദിഷാ പഠാണിയും ചേർന്നൊരുക്കുന്ന ചുവടുകളും ഉദ്ഘാടന സെറിമണിയെ വർണ്ണാഭമാക്കും.
ഇന്ത്യൻ ഡാൻസ് ഗ്രൂപ്പായ കിങ്സ് യുണൈറ്റഡിന്റെ ഡാന്‍സ് പെർഫോമൻസായിരിക്കും പരിപാടിയിലെ മറ്റൊരു മുഖ്യ ആകർഷണം. വേള്‍ഡ് ഡാന്‍സ് ചാമ്പ്യന്‍ഷിപ്പ് വിന്നേഴ്സ് കൂടിയായ കിങ്സ് യുണൈറ്റഡിന്റെ പരിപാടിക്കായ് ആരാധകര്‍ കാത്തിരിക്കുകയാണ്. ഞായർ വൈകിട്ട് ആറോടെയാണ് കൊച്ചിയുടെ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഉദ്ഘാടന ആഘോഷങ്ങൾ ആരംഭിക്കുക. കഴിഞ്ഞ സീസണുകളിലെ മോശം പ്രകടനത്തിന്റെ പേരിൽ മിക്ക മത്സരങ്ങളിലും സ്റ്റേഡിയം കാലിയായിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ ഗ്യാലറി നിറക്കാൻ ആവുന്നതെല്ലാം ചെയ്യുകയാണ് ഐ.എസ്.എൽ അധ്യക്ഷ നിത അംബാനി. ടൂർണ്ണമെന്റിലെ ഏറ്റവും ആരാധക പിന്തുണയുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ട് തവണ ചാമ്പമ്യാരായ കൊൽക്കത്തക്കും കേരളത്തിൽ ആരാധകരുണ്ട്.