പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ സര്‍ഫ്രാസ് അഹമ്മദിന്റെ സ്ഥാനം തെറിച്ചു. ശ്രീലങ്കക്കെതിരായ പരമ്പരയിലും ടീം തോല്‍വി വഴങ്ങിയതോടെയാണ് നായകന്റെ സ്ഥാനം തെറിച്ചത്. ക്യാപ്റ്റന്‍സിയില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെ ഓസ്ട്രേലിയക്കെതിരായി വരാനിരിക്കുന്ന പരമ്പരയില്‍ നിന്നും സര്‍ഫ്രാസിനെ ഒഴിവാക്കി.
മൂന്ന് ഫോര്‍മാറ്റിലും മൂന്ന് ക്യാപ്റ്റന്‍ എന്ന പരീക്ഷണത്തെ മുന്‍നിര്‍ത്തി എടുത്ത തീരുമാനത്തെത്തുടര്‍ന്നാണ് സര്‍ഫ്രാസിന്റെ സ്ഥാന നഷ്ടം. ടി ട്വെന്റിയില്‍ ബാബർ അസവും ടെസ്റ്റിൽ അസർ അലിയുമാണ് പാക്കിസ്ഥാന്റെ പുതിയ ക്യാപ്റ്റന്മാര്. എന്നാല്‍ ഏകദിനത്തില്‍ പുതിയ നായകനെ ഇതു വരെ പാക്കിസ്ഥാന് പ്രഖ്യാപിച്ചിട്ടില്ല.
2017ലെ ചാമ്പ്യന്‍സ് ലീഗ് കിരീടം ഇന്ത്യയെ തോല്പിച്ച് പാക്കിസ്ഥാന് നേടിക്കൊടുത്തു കൊണ്ടാണ് സര്‍ഫ്രാസ് ക്യാപ്റ്റന്‍സിയിലെ തന്റെ മികവ് തെളിയിച്ചത്. എന്നാല്‍ പിന്നീടങ്ങോട്ട് ശരാശരിയിലും താഴ്ന്ന പ്രകടനമാണ് ടീം കാഴ്ച വെച്ചത്. ലോകകപ്പിലെ സര്‍ഫ്രാസിന്റെ ക്യാപ്റ്റന്‍സിയും ഏറെ വിമര്‍ശനങ്ങള്‍ക്കു വഴി വെച്ചിരുന്നു. ഏറ്റവും ഒടുവിലായി ശ്രീലങ്കക്കെതിരായ പരമ്പരയിലും തോല്‍വി വഴങ്ങിയതോടെയാണ് സര്‍ഫ്രാസിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒഴിവാക്കാന്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്.